എവറസ്റ്റ് ബേസ് ക്യാമ്പ് ട്രെക്കിങ്ങിനിടെ മലയാളി യുവാവിന് നേപ്പാളിൽ ദാരുണാന്ത്യം; ജീവനെടുത്തത് 'അക്യൂട്ട് മൗണ്ടൻ സിക്‌നസ്'
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ ബേസ് ക്യാമ്പിലേക്കുള്ള സാഹസിക യാത്രയ്ക്കിടെ മലയാളി ട്രാവൽ വ്ലോഗർ നേപ്പാളിൽ മരിച്ചു. കണ്ണൂർ തലശ്ശേരി എരഞ്ഞോളി സ്വദേശിയായ അഞ്ജുനാഥ് കാവിങ്ങൽ വളപ്പിലാണ് മരണപ്പെട്ടത്. നവംബർ 19 വ്യാഴാഴ്ചയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 'ട്രാവൽ വിത്ത് അഞ്ജുനാഥ്' എന്ന പേരിലുള്ള സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ തന്റെ യാത്രാനുഭവങ്ങളും മലനിരകളിലെ മനോഹര ദൃശ്യങ്ങളും ഇദ്ദേഹം നിരന്തരം പങ്കുവെച്ചിരുന്നു.
എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള പാതയിലെ അതീവ ഉയരത്തിലുള്ള പ്രദേശമായ ഗോരക്ഷേപിൽ വെച്ചാണ് അഞ്ജുനാഥിന് ജീവൻ നഷ്ടമായത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 5,164 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗോരക്ഷേപ്, ബേസ് ക്യാമ്പ് ട്രെക്കിങ്ങിലെ അവസാനത്തെ പ്രധാന താമസകേന്ദ്രങ്ങളിലൊന്നാണ്. കഠിനമായ കാലാവസ്ഥയും അന്തരീക്ഷത്തിലെ ഓക്സിജന്റെ കുറവും കാരണം സഞ്ചാരികൾക്ക് വലിയ വെല്ലുവിളി ഉയർത്തുന്ന മേഖലയാണിത്. കഴിഞ്ഞ വർഷം അന്നപൂർണ ബേസ് ക്യാമ്പ് ട്രെക്കിങ് വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് അഞ്ജുനാഥ് പുതിയ ദൗത്യവുമായി എവറസ്റ്റിലേക്ക് യാത്ര തിരിച്ചത്.
അക്യൂട്ട് മൗണ്ടൻ സിക്‌നസ് (എ.എം.എസ്) ആണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. സമുദ്രനിരപ്പിൽ നിന്ന് വളരെ ഉയരമുള്ള പ്രദേശങ്ങളിലേക്ക് വേഗത്തിൽ കയറുമ്പോൾ, അവിടത്തെ കുറഞ്ഞ ഓക്സിജൻ അളവുമായി ശരീരത്തിന് പൊരുത്തപ്പെടാൻ സാധിക്കാതെ വരുന്ന ഗുരുതരമായ ആരോഗ്യാവസ്ഥയാണിത്. അഞ്ജുനാഥിന്റെ അപ്രതീക്ഷിത വിയോഗം യാത്രാ പ്രേമികൾക്കിടയിലും സോഷ്യൽ മീഡിയ കൂട്ടായ്മകളിലും വലിയ ഞെട്ടലാണുണ്ടാക്കിയിരിക്കുന്നത്.
