സൗദിയിലും റോണോയ്ക്ക് ആഡംബര വില്ല; യാത്ര ബോട്ടിലോ സീപ്ലെയിൻ വഴിയോ മാത്രം
ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും സൗദി അറേബ്യയിലെ ചെങ്കടൽ തീരത്ത് ആഡംബര വില്ലകൾ സ്വന്തമാക്കി. റെഡ് സീ ഇന്റർനാഷണലിനുള്ളിലെ റിറ്റ്‌സ്-കാൾട്ടൺ റിസർവായ 'നുജുമ'യിലാണ് ഇവർ റെസിഡൻഷ്യൽ യൂണിറ്റുകൾ വാങ്ങിയത്. മെയിൻ ലാൻഡിൽ നിന്ന് 26 കിലോമീറ്റർ അകലെയുള്ള സ്വകാര്യ ദ്വീപിലാണ് ഈ വീടുകൾ സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് ബോട്ട് വഴിയോ സീപ്ലെയിൻ വഴിയോ മാത്രമേ എത്തിച്ചേരാനാവൂ എന്നതാണ് പ്രത്യേകത.
സ്വകാര്യതയ്ക്കും പ്രകൃതിഭംഗിക്കും പ്രാധാന്യം നൽകി രൂപകൽപ്പന ചെയ്ത 19 ആഡംബര വില്ലകളാണ് നുജുമയിലുള്ളത്. കുടുംബത്തോടൊപ്പം സ്വസ്ഥമായി സമയം ചെലവഴിക്കാൻ കഴിയുന്ന ഒരു മികച്ച വിശ്രമ കേന്ദ്രമാണിതെന്ന് റൊണാൾഡോ പ്രതികരിച്ചു. ചെങ്കടൽ ലക്ഷ്യസ്ഥാനം എല്ലാ അർത്ഥത്തിലും അസാധാരണമാണെന്നും ആദ്യ സന്ദർശനത്തിൽ തന്നെ തനിക്കും ജോർജിനയ്ക്കും ഈ ദ്വീപിന്റെ പ്രകൃതിസൗന്ദര്യവുമായി ആഴത്തിലുള്ള ബന്ധം അനുഭവപ്പെട്ടതായും അദ്ദേഹം പറഞ്ഞു. സമാധാനവും ശാന്തതയും ആഗ്രഹിക്കുമ്പോൾ തങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഇവിടേക്ക് വരാമെന്നും താരം കൂട്ടിച്ചേർത്തു.
മൂന്ന് കിടപ്പുമുറികളുള്ള ഒരു വീടും രണ്ട് കിടപ്പുമുറികളുള്ള ഒരു വില്ലയുമാണ് ദമ്പതികൾ ഇവിടെ സ്വന്തമാക്കിയത്. 2023-ൽ റിസോർട്ടുകൾ തുറന്നതുമുതൽ ഇവർ ഈ പ്രദേശം സന്ദർശിക്കാറുണ്ട്. ഈ പദ്ധതിക്കുള്ളിൽ കൂടുതൽ നിക്ഷേപ അവസരങ്ങൾ തേടുന്നതിന്റെ ഭാഗം കൂടിയാണ് പുതിയ വീടുകൾ വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. ലോകത്തെ തന്നെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുന്ന ചെങ്കടൽ പദ്ധതിയിലെ റൊണാൾഡോയുടെ സാന്നിധ്യം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
