മനോഹര നൃത്തവുമായി സൗഭാഗ്യയും അർജുനും; ഇത് ട്രെൻഡായെന്ന് ആരാധകർ
സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ് നർത്തകിയും ഇൻഫ്ലുവൻസറുമായ സൗഭാഗ്യ വെങ്കിടേഷും ഭർത്താവ് അർജുൻ സോമശേഖറും. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഇരുവരുടെയും പുതിയ നൃത്ത വിഡിയോ വൈറലായിരിക്കുകയാണ്. ‘അനാരി’ എന്ന ഹിന്ദി ചിത്രത്തിലെ ‘ഫൂലോൻ സാ ചെഹ്രാ തെരാ’ എന്ന ഹിറ്റ് ഗാനത്തിനാണ് ഇരുവരും ചുവടുവയ്ക്കുന്നത്. വളരെ കൂൾ ആയി, ആസ്വദിച്ച് നൃത്തം ചെയ്യുന്ന ഇരുവരുടെയും വിഡിയോ ഇരുപത് ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു.
വിഡിയോയ്ക്ക് നിരവധി കമന്റുകളും വരുന്നുണ്ട്. ‘എന്ത് മനോഹരമായാണ് നൃത്തം ചെയ്യുന്നത്’ എന്നും ‘ക്ലാസിക്കൽ നൃത്തത്തെക്കാൾ ഇത് ഇണങ്ങുന്നു’ എന്നെല്ലാം കമന്റുകളുണ്ട്.‘ സൂപ്പർ ആയിട്ടുണ്ടെന്നും’ ‘വീണ്ടും വീണ്ടും കണ്ടു’ എന്നും ‘ഇനി എല്ലാവരും ഈ പാട്ടിന് നൃത്തം ചെയ്യുമെന്നും’ കമന്റുകളുണ്ട്.
1993ൽ ഇറങ്ങിയ ‘അനാരി’തെലുങ്ക് നടൻ വെങ്കിടേഷിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായിരുന്നു. കരിഷ്മ കപൂർ നായികയായ ചിത്രത്തിൽ ആനന്ദ്–മിലിന്ദ് സംഗീതം നൽകി ഉദിത് നാരായണൻ പാടിയ ഗാനം വീണ്ടും ട്രെൻഡാവുകയാണ്.
ഏറെ ആരാധകരുള്ള കുടുംബമാണ് സൗഭാഗ്യയുടേത്. അഭിനേത്രി, നർത്തകി, സോഷ്യൽ മീഡിയ താരം എന്നീ നിലകളിൽ സ്വന്തമായ ഒരിടം കണ്ടെത്തിയ വ്യക്തിയാണ് സൗഭാഗ്യ. നടനും സോഷ്യൽ മീഡിയ താരവുമായ അർജുൻ സോമശേഖരനാണ് സൗഭാഗ്യയുടെ ഭർത്താവ്. ഇരുവരും ഒന്നിച്ചുള്ള നൃത്ത വിഡിയോകളും മറ്റു പോസ്റ്റുകളും സമൂഹ മാധ്യമങ്ങളിൽ സ്ഥിരമായി വൈറലാകാറുണ്ട്. നടിയും നര്‍ത്തകിയുമായ താര കല്യാണിനൊപ്പമുള്ള വിഡിയോകളും മകൾക്കൊപ്പമുള്ള സൗഭാഗ്യയുടെ വിഡിയോയ്ക്കുമെല്ലാം വലിയ ആരാധകരുണ്ട്.
