ജനതയെ വേദനിപ്പിക്കുന്ന തീരുമാനം; ബംഗ്ലാദേശിൽ ഐപിഎൽ സംപ്രേഷണത്തിന് അനിശ്ചിതകാല വിലക്ക്
ഐപിഎല്ലിൽ നിന്ന് സ്റ്റാർ പേസർ മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ബംഗ്ലാദേശിൽ ഐപിഎൽ സംപ്രേഷണം സർക്കാർ അനിശ്ചിതകാലത്തേക്ക് നിരോധിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗുമായി ബന്ധപ്പെട്ട എല്ലാ മത്സരങ്ങളുടെയും പരിപാടികളുടെയും സംപ്രേഷണം ഉടൻ നിർത്തിവെക്കാനാണ് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിട്ടത്. മുസ്തഫിസുറിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (KKR) ഒഴിവാക്കിയത് ബംഗ്ലാദേശ് ജനതയെ ആഴത്തിൽ വേദനിപ്പിച്ചുവെന്നും ഇതിന് പിന്നിൽ വ്യക്തമായ കാരണങ്ങളില്ലെന്നും സർക്കാർ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
ബംഗ്ലാദേശിൽ നടന്ന രാഷ്ട്രീയ മാറ്റങ്ങളും തുടർന്നുണ്ടായ സംഘർഷങ്ങളുമാണ് ക്രിക്കറ്റ് മൈതാനത്തെയും ബാധിച്ചിരിക്കുന്നത്. ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷം ഇന്ത്യയുമായുള്ള ബന്ധത്തിൽ ഉണ്ടായ വിള്ളലുകൾ കായിക മേഖലയിലേക്കും പടരുകയായിരുന്നു. ബംഗ്ലാദേശിൽ ഇന്ത്യക്കാർക്ക് നേരെ നടന്ന അക്രമങ്ങളിൽ ബിസിസിഐയും ഇന്ത്യൻ ആരാധകരും കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് മുസ്തഫിസുറിനെ ടീമിൽ നിന്ന് നീക്കാൻ കെകെആറിനോട് ബിസിസിഐ നിർദ്ദേശിച്ചത്.
മുസ്തഫിസുറിനെതിരായ നടപടിയിൽ പ്രതിഷേധിച്ച് ടി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് ടീമിനെ അയക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (BCB) നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഐപിഎൽ സംപ്രേഷണത്തിന് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള കടുത്ത തീരുമാനം വന്നിരിക്കുന്നത്. ഐസിസി ടി20 ലോകകപ്പിന് ഇന്ത്യ വേദിയാകാനിരിക്കെ, ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ ക്രിക്കറ്റ് പോര് ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിന് ഭീഷണിയാകുമെന്ന ആശങ്ക ഉയരുന്നുണ്ട്.
