വരുന്നു അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം; മംഗലപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കേരള ക്രിക്കറ്റ് അസോസിയേഷന്റെ (KCA) നേതൃത്വത്തിൽ തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയിൽ നിർമ്മിച്ച അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം നാടിന് സമർപ്പിക്കുന്നു. മാർച്ച് 16-ന് വൈകിട്ട് ആറുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. പത്തേക്കർ ഭൂമിയിൽ 45 കോടി രൂപ ചെലവഴിച്ചാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ കായിക സമുച്ചയം ഒരുക്കിയിരിക്കുന്നത്.
അത്യാധുനികമായ എൽഇഡി ഫ്‌ളഡ്ലൈറ്റ് സംവിധാനമാണ് ഈ സ്റ്റേഡിയത്തിന്റെ പ്രധാന ആകർഷണം. ഇത്തരത്തിൽ സജ്ജീകരിക്കപ്പെട്ട കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് സ്റ്റേഡിയമാണിത്. ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിർവ്വഹിക്കും. ബിസിസിഐയുടെ ലൈറ്റിങ് കണ്‍സള്‍ട്ടന്റായ ലൈറ്റിങ് എന്‍വിറോണ്‍മെന്റ് ഡിസൈന്‍സിന്റെ മേല്‍നോട്ടത്തിലാണ് ഫ്‌ളഡ്ലൈറ്റ് സംവിധാനം പൂർത്തിയാക്കിയത്. പ്രമുഖ ആർക്കിടെക്ട് ഷിബു അബൂസലിയാണ് സ്റ്റേഡിയം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായി കെസിഎ സ്റ്റേറ്റ് അക്കാദമിയുടെ നിർമ്മാണോദ്ഘാടനം മന്ത്രി വി. ശിവൻകുട്ടിയും, ഇന്‍ഡോര്‍ ക്രിക്കറ്റ് പരിശീലന കേന്ദ്രത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി ജി.ആർ. അനിലും നിർവ്വഹിക്കും. കെസിഎ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. വരും വർഷങ്ങളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മംഗലപുരം മാതൃകയിൽ സ്റ്റേഡിയങ്ങൾ നിർമ്മിക്കാനാണ് കെസിഎ ലക്ഷ്യമിടുന്നത്. ശാസ്ത്രീയമായ പരിശീലന സൗകര്യങ്ങൾ ലഭിക്കുന്നതോടെ കൂടുതൽ കായിക പ്രതിഭകളെ ഉയർത്തിക്കൊണ്ടുവരാൻ ഈ സ്റ്റേഡിയം സഹായകമാകുമെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാർ വ്യക്തമാക്കി.
