ചെക്ക് റിപ്പബ്ലിക്കിനെതിരെ തകർപ്പൻ തിരിച്ചുവരവ്; ദക്ഷിണ കൊറിയയ്ക്ക് വിജയം (2-1)

  1. Home
  2. Sports

ചെക്ക് റിപ്പബ്ലിക്കിനെതിരെ തകർപ്പൻ തിരിച്ചുവരവ്; ദക്ഷിണ കൊറിയയ്ക്ക് വിജയം (2-1)

south korea


ഫിഫ ലോകകപ്പ് ഗ്രൂപ്പ് എ പോരാട്ടത്തിൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ തകർപ്പൻ തിരിച്ചുവരവുമായി ദക്ഷിണ കൊറിയ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഏഷ്യൻ കരുത്തരായ കൊറിയ ചെക്യയെ പരാജയപ്പെടുത്തിയത്. ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ച മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. ചെക്ക് റിപ്പബ്ലിക്കിനായി ലാഡിസ്‌ലാവ് ക്രെഷി സ്കോർ ചെയ്തപ്പോൾ, ഹ്വാങ് ഇൻ-ബിയോം, ഓ ഹ്യുങ്-ഗ്യു എന്നിവർ കൊറിയയ്ക്കായി വലകുലുക്കി.

മത്സരത്തിന്റെ തുടക്കം മുതൽ 65 ശതമാനത്തിലധികം പന്തടക്കത്തോടെ ദക്ഷിണ കൊറിയയാണ് കളി നിയന്ത്രിച്ചത്. കൊറിയൻ നായകൻ സൺ ഹ്യുങ് മിൻ ആദ്യ പകുതിയിൽ അഞ്ച് ഷോട്ടുകൾ ഉതിർത്തെങ്കിലും ചെക്ക് പ്രതിരോധവും ഗോൾകീപ്പർ മാറ്റേജ് കോവാറും ചേർന്ന് തടഞ്ഞു. എന്നാൽ കളിയുടെ ഗതിക്ക് വിപരീതമായി 59-ാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിലൂടെ ചെക്ക് റിപ്പബ്ലിക് ആദ്യ ഗോൾ നേടി. വ്ലാഡിമിർ കൂഫൽ ബോക്സിലേക്ക് ഉയർത്തി നൽകിയ പന്ത് തകർപ്പൻ ഹെഡ്ഡറിലൂടെ ലാഡിസ്‌ലാവ് ക്രെഷി വലയിലെത്തിക്കുകയായിരുന്നു.

ഗോൾ വഴങ്ങിയതോടെ കൊറിയൻ പട ആക്രമണം അഴിച്ചുവിട്ടു. 66-ാം മിനിറ്റിൽ പി.എസ്.ജി താരം ലീ കാങ്-ഇൻ നൽകിയ പാസിൽ നിന്ന് മിഡ്‌ഫീൽഡർ ഹ്വാങ് ഇൻ-ബിയോം ബോക്സിന് പുറത്തുനിന്ന് തൊടുത്ത ലോങ് റേഞ്ചർ ഷോട്ടിലൂടെ കൊറിയ സമനില പിടിച്ചു. തൊട്ടുപിന്നാലെ സൺ ഹ്യുങ് മിന്നിന് പകരം സൂപ്പർ സബ്ബായി ഓ ഹ്യുങ്-ഗ്യുവിനെ കൊറിയൻ കോച്ച് കളത്തിലിറക്കി. ഈ മാറ്റം കൃത്യമായി ഫലം കണ്ടു. 80-ാം മിനിറ്റിൽ ഹ്വാങ് ഇൻ-ബിയോം വലതുവിങ്ങിൽ നിന്നു നൽകിയ ക്രോസ് സ്വീകരിച്ച് ഓ ഹ്യുങ്-ഗ്യു കൊറിയയുടെ വിജയഗോൾ നേടി. ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ തവണ (12-ാം ലോകകപ്പ്) യോഗ്യത നേടിയ ദക്ഷിണ കൊറിയയുടെ തുടർച്ചയായ 11-ാം ലോകകപ്പാണിത്. അതേസമയം, 20 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചെക്ക് റിപ്പബ്ലിക് ലോകകപ്പ് കളിക്കാനിറങ്ങിയത്. ജയത്തോടെ ഗ്രൂപ്പ് എയിൽ മെക്സിക്കോയ്ക്കൊപ്പം 3 പോയിന്റുമായി ദക്ഷിണ കൊറിയയും മുന്നിലെത്തി.