റെക്കോഡുകള്‍ വാരിക്കൂട്ടി അഭിഷേക് ശർമ്മ; കോലിയും ഇഷാനും ഇനി പിന്നില്‍
അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ നാലാം സെഞ്ച്വറി സ്വന്തമാക്കി ഇന്ത്യൻ യുവ ഓപ്പണർ അഭിഷേക് ശർമ്മ പുതിയ ചരിത്രനേട്ടത്തിലേക്ക്. ടി20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡാണ് അഭിഷേക് തന്റെ പേരിൽ കുറിച്ചത്. ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്താണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.
വെറും 38 പന്തുകളിൽ നിന്ന് 11 സിക്സുകളും 9 ഫോറുകളും അടക്കം 113 റൺസാണ് അഭിഷേക് വാരിക്കൂട്ടിയത്. 35 പന്തുകളിൽ നിന്ന് സെഞ്ച്വറിയിലെത്തിയ താരം, മത്സരത്തിന്റെ ആദ്യ ഘട്ടത്തിൽ വെറും 15 പന്തുകളിൽ 6 സിക്സും 4 ഫോറും സഹിതം അർധ സെഞ്ച്വറിയും തികച്ചിരുന്നു. ടി20 ഫോർമാറ്റിൽ മൊത്തത്തിൽ അഭിഷേകിന്റെ 11-ാം സെഞ്ച്വറിയാണിത്. മുൻപ് 10 സെഞ്ച്വറികളുമായി വിരാട് കോലിക്കൊപ്പം പങ്കിട്ടിരുന്ന റെക്കോർഡാണ് കിവികൾക്കെതിരായ ഈ പ്രകടനത്തിലൂടെ താരം ഒറ്റയ്ക്ക് സ്വന്തമാക്കിയത്.
ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ ലോക താരങ്ങളുടെ പട്ടികയിലും അഭിഷേക് മുന്നേറി. വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയിൽ (22 സെഞ്ച്വറി) ഒന്നാം സ്ഥാനത്തും, 14 സെഞ്ച്വറികളുമായി പാകിസ്ഥാൻ താരം ബാബർ അസം രണ്ടാം സ്ഥാനത്തുമാണ്. 11 സെഞ്ച്വറികളോടെ അഭിഷേക് ശർമ്മ ഇപ്പോൾ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുയർന്നു. ക്വിന്റൻ ഡി കോക്ക്, വിരാട് കോലി, ഡേവിഡ് വാർണർ എന്നിവർ 10 സെഞ്ച്വറികളുമായി തൊട്ടുപിന്നിലുണ്ട്.
