അഡ്രിയാൻ ലൂണ ഇനി ഇന്തോനേഷ്യൻ ലീഗിൽ; പ്രഖ്യാപനം വന്നു
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയതാരം അഡ്രിയാൻ ലൂണ ഇന്തോനേഷ്യൻ സൂപ്പർ ലീഗ് ക്ലബ്ബായ പേഴ്‌സിക് എഫ്‌സിയിലേക്ക് (Persik Kediri) ചേക്കേറുന്നു. 2025-26 സീസണിലേക്കായി ലോൺ അടിസ്ഥാനത്തിലാണ് ഈ ഉറുഗ്വേയൻ പ്ലേമേക്കർ ബ്ലാസ്റ്റേഴ്‌സ് വിടുന്നത്. ഐഎസ്എൽ വൈകുന്ന സാഹചര്യത്തിൽ താരത്തിന്റെ മാച്ച് ഫിറ്റ്‌നസ് നിലനിർത്തുന്നതിനും ക്ലബ്ബിന്റെ സാമ്പത്തിക ബാധ്യതകൾ കുറയ്ക്കുന്നതിനുമായി ഇരു കൂട്ടരും സമ്മതത്തോടെയെടുത്ത തീരുമാനമാണിത്.2021-ൽ ബ്ലാസ്റ്റേഴ്‌സിൽ എത്തിയ ലൂണ ചുരുങ്ങിയ കാലം കൊണ്ട് ടീമിന്റെ നട്ടെല്ലായി മാറിയിരുന്നു. ക്ലബ്ബിനായി ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ താരമെന്ന റെക്കോർഡും ലൂണയ്ക്കുണ്ട്. 50-ലധികം മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സി അണിഞ്ഞ അദ്ദേഹം ഈയടുത്താണ് തന്റെ കരാർ 2027 വരെ നീട്ടിയത്.
ഇന്തോനേഷ്യയിലെ ലിഗ 1-ൽ പൊരുതുന്ന പേഴ്‌സിക് എഫ്‌സിക്ക് യൂറോപ്പിലും മെക്സിക്കോയിലും ഇന്ത്യയിലും കളിച്ച് പരിചയമുള്ള ലൂണയുടെ വരവ് വലിയ കരുത്താകും.
