AFC U23 ഏഷ്യൻ കപ്പ്: ഉദ്ഘാടന മത്സരത്തിൽ കിർഗിസ്ഥാനെതിരെ സൗദിക്ക് ജയം
2026-ലെ എ.എഫ്.സി U23 ഏഷ്യൻ കപ്പിന് സൗദി അറേബ്യയിലെ ജിദ്ദയിൽ ആവേശകരമായ തുടക്കം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ കരുത്തരായ കിർഗിസ്ഥാനെ ഏകപക്ഷീയമായ ഒരു ഗോളിന് സൗദി അറേബ്യ പരാജയപ്പെടുത്തി. മത്സരത്തിന്റെ 88-ാം മിനിറ്റിൽ റകാൻ ഖാലിദ് ആൽ ഖാംദി നേടിയ ഗോളാണ് സൗദിക്ക് നിർണ്ണായക വിജയം സമ്മാനിച്ചത്. ഇതേ ഗ്രൂപ്പിൽ നടന്ന മറ്റൊരു മത്സരത്തിൽ ജോർദാനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിയറ്റ്‌നാം തോൽപ്പിച്ചു.
ജിദ്ദയിലെ പ്രിൻസ് അബ്ദുല്ല അൽഫൈസൽ സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച വൈകുന്നേരം നടന്ന ചടങ്ങിൽ സൗദി കായിക മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ ടൂർണമെന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ജിദ്ദ ഗവർണർ പ്രിൻസ് സഊദ് ബിൻ അബ്ദുല്ല ബിൻ ജലാവി ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. ജനുവരി 24 വരെ നീണ്ടുനിൽക്കുന്ന ടൂർണമെന്റിന്റെ ഏഴാം പതിപ്പാണിത്. ഗ്രൂപ്പ് ഘട്ടത്തിലെ അടുത്ത മത്സരങ്ങളിൽ ജനുവരി ഒമ്പതിന് ജോർദാനെയും ജനുവരി 12-ന് വിയറ്റ്‌നാമിനെയും സൗദി നേരിടും.
ടൂർണമെന്റിൽ ഇന്ന് നാല് മത്സരങ്ങളാണ് നടക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ജപ്പാൻ സിറിയയെയും, ഇതേ സമയത്ത് തന്നെ സൗത്ത് കൊറിയ ഇറാനെയും നേരിടും. വൈകുന്നേരം അഞ്ച് മണിക്ക് ഉസ്‌ബെക്കിസ്ഥാനും ലെബനാനും തമ്മിലാണ് പോരാട്ടം. രാത്രി ഏഴരയ്ക്ക് നടക്കുന്ന ആവേശകരമായ മത്സരത്തിൽ ഖത്തർ യു.എ.ഇയെ നേരിടും. ജിദ്ദ, റിയാദ് എന്നിവിടങ്ങളിലെ വിവിധ സ്റ്റേഡിയങ്ങളിലായാണ് ഈ മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
