ആലപ്പി റിപ്പിൾസിനെ തോൽപ്പിച്ചു; കെ.സി.എൽ ഫൈനലിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് തൃശൂർ ടൈറ്റൻസിനെ നേരിടും
കേരള ക്രിക്കറ്റ് ലീഗ് (KCL) സെമിഫൈനലിൽ ആലപ്പി റിപ്പിൾസിനെ 36 റൺസിന് പരാജയപ്പെടുത്തി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ഫൈനലിൽ കടന്നു. കലാശപ്പോരാട്ടത്തിൽ തൃശൂർ ടൈറ്റൻസാണ് കാലിക്കറ്റിന്റെ എതിരാളികൾ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 218 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ആലപ്പി റിപ്പിൾസിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് മാത്രമാണ് നേടാനായത്. 33 റൺസ് വഴങ്ങി മൂന്ന് നിർണായക വിക്കറ്റുകൾ വീഴ്ത്തിയ ജോസ് പെരയിലാണ് പ്ലെയർ ഓഫ് ദി മാച്ച്.
ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റിന് ഓപ്പണർമാരായ ക്യാപ്റ്റൻ രോഹനും (45) വരുൺ നായനാരും (59) ചേർന്ന് മികച്ച തുടക്കം നൽകി. തുടർന്ന് അബ്ദുൽ ബാസിത് (24 പന്തിൽ 53), കൃഷ്ണദേവൻ (11 പന്തിൽ 24*), സൽമാൻ നിസാർ (7 പന്തിൽ 19*) എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് സ്കോർ 218-ൽ എത്തിച്ചത്.
മറുപടി ബാറ്റിംഗിൽ 15 റൺസിനിടെ ഓപ്പണർമാരെ നഷ്ടമായ ആലപ്പിയെ സച്ചിൻ ബേബിയും (73) കെ.എ. അരുണും (82) ചേർന്ന് 152 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. എന്നാൽ 17-ാം ഓവറിൽ ജോസ് പെരയിൽ സച്ചിൻ ബേബിയെയും സിബിൻ ഗിരീഷിനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയതോടെ മത്സരം കാലിക്കറ്റിന്റെ കൈകളിലായി. തുടർന്ന് അരുണും പുറത്തായതോടെ ആലപ്പിയുടെ പോരാട്ടം അവസാനിക്കുകയായിരുന്നു. കാലിക്കറ്റിനായി അഖിൽ സ്കറിയയും ഇബ്നുൽ അഫ്താബും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
