ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് അലിസ്സ ഹീലിയുടെ വിരമിക്കൽ പ്രഖ്യാപനം; അവസാന പോരാട്ടം ഇന്ത്യയ്ക്കെതിരെ

  1. Home
  2. Sports

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് അലിസ്സ ഹീലിയുടെ വിരമിക്കൽ പ്രഖ്യാപനം; അവസാന പോരാട്ടം ഇന്ത്യയ്ക്കെതിരെ

alyssa


ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അലിസ്സ ഹീലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. നാട്ടിൽ ഇന്ത്യൻ വനിതാ ടീമിനെതിരെ നടക്കാനിരിക്കുന്ന പരമ്പരയോടെ 16 വർഷം നീണ്ട തന്റെ ഐതിഹാസിക കരിയർ അവസാനിപ്പിക്കുകയാണെന്ന് ചൊവ്വാഴ്ചയാണ് താരം പ്രഖ്യാപിച്ചത്. 2026 മാർച്ചിൽ പെർത്തിൽ ഇന്ത്യക്കെതിരെ നടക്കുന്ന ടെസ്റ്റ് മത്സരമായിരിക്കും ഹീലിയുടെ കരിയറിലെ അവസാന പോരാട്ടം. തന്റെ മത്സരശേഷി പതുക്കെ മങ്ങുന്നത് അനുഭവപ്പെട്ടതിനാലാണ് വിരമിക്കൽ തീരുമാനമെന്ന് 'വില്ലോ ടോക്ക്' പോഡ്‌കാസ്റ്റിൽ താരം വെളിപ്പെടുത്തി. വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ ഒരുക്കുന്നതിന് അവസരം നൽകുന്നതിനായി ഇന്ത്യക്കെതിരായ ടി20 പരമ്പരയിൽ ഹീലി കളിക്കില്ലെങ്കിലും ഏകദിന പരമ്പരയിലും ഏക ടെസ്റ്റിലും ടീമിനെ നയിക്കും.

എട്ട് ഐസിസി ലോകകപ്പ് കിരീടങ്ങൾ നേടിയ ഓസീസ് ടീമിൽ അംഗമായിരുന്ന ഹീലി റെക്കോർഡുകളുടെ തമ്പുരാട്ടിയാണ്. 2022 ഏകദിന ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നേടിയ 170 റൺസ് ഏതൊരു ലോകകപ്പ് ഫൈനലിലെയും ഉയർന്ന വ്യക്തിഗത സ്കോറാണ്. വനിതാ ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പുറത്താക്കലുകൾ നടത്തിയ വിക്കറ്റ് കീപ്പർ എന്ന നേട്ടവും ഹീലിയുടെ പേരിലുണ്ട്. ഓസീസിനായി ഇതുവരെ 10 ടെസ്റ്റ്, 123 ഏകദിനങ്ങൾ, 162 ടി20 മത്സരങ്ങൾ എന്നിവ കളിച്ച താരം ആകെ ഏഴായിരത്തിലധികം അന്താരാഷ്ട്ര റൺസ് അക്കൗണ്ടിലാക്കിയിട്ടുണ്ട്.

2010-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയ ഹീലി, മെഗ് ലാനിങ്ങിന് ശേഷം 2023-ലാണ് ഓസ്ട്രേലിയയുടെ മുഴുവൻ സമയ ക്യാപ്റ്റനായി ചുമതലയേറ്റത്. പ്രമുഖ വിക്കറ്റ് കീപ്പർ ഇയാൻ ഹീലിയുടെ അനന്തരവളായ അലിസ്സ, ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിന്റെ ഭാര്യയാണ്. അടുത്തിടെ നടന്ന വനിതാ പ്രീമിയർ ലീഗ് (WPL) 2026 ലേലത്തിൽ ഹീലിയെ ആരും വാങ്ങാതിരുന്നത് വലിയ ചർച്ചയായിരുന്നു.