വലയ്ക്ക് മുന്നിൽ റെക്കോർ‍ഡിട്ട് 'എമി'

  1. Home
  2. Sports

വലയ്ക്ക് മുന്നിൽ റെക്കോർ‍ഡിട്ട് 'എമി'

s


 

ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിന്റെ ടോട്ടൽ ഫുട്ബോളിനു മുന്നിൽ ഒരുനിലയ്ക്കും പിടിച്ചു നിൽക്കാൻ സാധിക്കാതെ അർജന്റീന അടിമുടി തോറ്റു പോയപ്പോൾ അത്ര എളുപ്പം കീഴടങ്ങാൻ കൂട്ടാക്കാതെ ഒരു മനുഷ്യൻ ​ഗോൾ വലയ്ക്ക് മുന്നിൽ നിലയുറപ്പിച്ചിരുന്നു. അയാളോടു മാത്രമാണ് 106 മിനിറ്റ് വരെ സ്പെയിൻ പരാജയപ്പെട്ടത്. അർജന്റീന ​ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ് എന്ന എമിയാണ് കോട്ട കെട്ടി ടീമിനെ കാത്തത്. ഒന്നിനു പിന്നാലെ ഒന്നായി അടിച്ചു കയറി വന്ന സ്പാനിഷ് തിരമാലകളെ താരം കൂസലില്ലാതെ തന്നെ നേരിട്ടു.

മത്സരത്തിൽ താരം 11 സേവുകളാണ് നടത്തിയത്. മിന്നും പ്രകടനത്തോടെ താരം റെക്കോർഡ് ബുക്കിലും തന്റെ പേര് എഴതി ചേർത്തു. ഫിഫ 1966 മുതൽ ഔദ്യോഗികമായി മത്സര റെക്കോര്‍ഡുകള്‍ രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷം ലോകകപ്പ് ഫൈനലിൽ ഒരു ഗോൾകീപ്പർ നടത്തുന്ന ഏറ്റവും മികച്ച പ്രകടനമാണിത്. ഫൈനലില്‍ മാത്രം എമിലിയാനോ നടത്തിയത് 11 സേവുകളാണ്. ലോകകപ്പിന്റെ റെക്കോർഡ് രേഖപ്പെടുത്താൻ തുടങ്ങിയ ശേഷമുള്ള 60 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു പ്രകടനം.

സ്പെയിൻ കളം നിറഞ്ഞു കളിച്ചതോടെ ഫൈനലിൽ അർജന്‍റീനയുടെ കളി പൂർണമായും പാളിയപ്പോയി. നിശ്ചിത സമയത്ത് സ്പാനിഷ് ഗോൾപോസ്റ്റിലേക്ക് ഒരൊറ്റ ഷോട്ട് പോലും ഉതിർക്കാൻ അർജന്‍റീനയ്ക്ക് കഴിഞ്ഞില്ല. അർജന്‍റീനൻ പ്രതിരോധക്കോട്ട തകർത്ത് സ്പാനിഷ് താരങ്ങൾ ബോക്സിലേക്ക് നിരന്തരം വെടിയുണ്ടകൾ പായിച്ചുകൊണ്ടേയിരുന്നു. എന്നാൽ ഓരോ തവണയും അർജന്‍റീനയുടെ രക്ഷകനായി എമി അവതരിച്ചു. പാവ് കുബാർസി, നിക്കോ വില്യംസ്, ഡാനി ഓൽമോ, ബയ്ന എന്നിവരുടെ ലോങ് റേഞ്ച് ഷോട്ടുകൾ മാർട്ടിനസ് പറന്നു തടഞ്ഞു. വണ്ടർ കിഡ് ലാമീൻ യമാലിന്‍റെ ഡിഫ്ലെക്റ്റ് ചെയ്ത അപകടകരമായ ഷോട്ട് അസാധ്യമായ ഡൈവിങിലൂടെയാണ് താരം പുറത്തേക്ക് തട്ടിയത്. ക്ലോസ് റേഞ്ചില്‍ നിന്നുള്ള സ്പാനിഷ് താരങ്ങളുടെ പവർഫുൾ ഹെഡ്ഡറുകൾ പോലും മാർട്ടിനസിന്‍റെ കൈകളിൽ ഒതുങ്ങി.