ലോകകപ്പിന് മുമ്പ് ഐസ്‌ലൻഡിനെ തകർത്ത് അർജന്‍റീന; മെസി ഗോളോടെ മടങ്ങിയെത്തി
ലോകകപ്പ് പോരാട്ടങ്ങൾക്ക് തൊട്ടുമുൻപ് ആരാധകർക്ക് വലിയ ആവേശവും ആശ്വാസവും നൽകി അർജന്റീന ക്യാപ്റ്റൻ ലിയോണൽ മെസിയുടെ മടങ്ങിവരവ്. പേശിയിലെ അസ്വസ്ഥതകൾ മാറി പകരക്കാരനായി കളത്തിലിറങ്ങിയ മെസി ഗോളടിച്ച രാജ്യാന്തര സൗഹൃദ മത്സരത്തിൽ, ഐസ്‌ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അർജന്റീന തകർത്തുവിട്ടു. അമേരിക്കയിലെ അലബാമയിലുള്ള ജോർദാൻ-ഹെയർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മെസിയുടെ തിരിച്ചുവരവ് കാണാൻ പതിനായിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്.
മത്സരത്തിന്റെ എട്ടാം മിനിറ്റിൽ തന്നെ എസെക്വൽ ബാർകോയിലൂടെ അർജന്റീന ഗോൾവേട്ടയ്ക്ക് തുടക്കമിട്ടു. തുടർന്ന് രണ്ടാം പകുതിയുടെ 70-ാം മിനിറ്റിലാണ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കോച്ച് ലയണൽ സ്കലോണി മെസിയെ പകരക്കാരനായി മൈതാനത്തിറക്കിയത്. കളത്തിലിറങ്ങി മിനിറ്റുകൾക്കകം ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് മെസി അർജന്റീനയുടെ ലീഡ് രണ്ടാക്കി ഉയർത്തി. മെസിയുടെ കരിയറിലെ 911-ാമത്തെയും അർജന്റീനയ്ക്കായുള്ള 117-ാമത്തെയും ഗോളായിരുന്നു ഇത്. തൊട്ടുപിന്നാലെ യുവതാരം തിയാഗോ അൽമാഡ കൂടി വലകുലുക്കിയതോടെ നിലവിലെ ലോക ചാമ്പ്യന്മാരുടെ ആധികാരിക വിജയം പൂർത്തിയായി.
ഇടത് കാലിലെ പേശിവലിവിനെത്തുടർന്ന് ഇന്റർ മയാമിയുടെ മത്സരത്തിനിടെ മെസിക്ക് പരിക്കേറ്റ് പിന്മാറേണ്ടി വന്നിരുന്നു. ഇതിനെത്തുടർന്ന് കഴിഞ്ഞ ശനിയാഴ്ച ഹോണ്ടുറാസിനെതിരെ നടന്ന സൗഹൃദ മത്സരത്തിൽ മെസി കളിച്ചിരുന്നില്ല. താരങ്ങളുടെ ഫിറ്റ്‌നസിനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും പരിക്കുകൾ ഒഴിവാക്കാൻ കൃത്യമായ വിശ്രമം നൽകുമെന്നും കോച്ച് സ്കലോണി വ്യക്തമാക്കിയിരുന്നു. എന്നാൽ പരിക്കിന്റെ ആശങ്കകൾ പൂർണ്ണമായും മാറ്റുന്നതായിരുന്നു ഐസ്‌ലൻഡിനെതിരെയുള്ള മെസിയുടെ പ്രകടനം. സൗഹൃദ മത്സരങ്ങളിലെ തുടർച്ചയായ രണ്ടാം ജയത്തോടെ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ് അർജന്റീന ലോകകപ്പിലേക്ക് കടക്കുന്നത്. ജൂൺ 16-ന് അൾജീരിയയ്‌ക്കെതിരെയാണ് ലോകകപ്പിൽ അർജന്റീനയുടെ ആദ്യ മത്സരം.
