ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: മെഡൽ സമ്മാനിക്കുക മൊഹ്‌സിൻ നഖ്‌വി; സ്വീകരിച്ചില്ലെങ്കിൽ അച്ചടക്ക നടപടിയെന്ന് മുന്നറിയിപ്പ്
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് മത്സരങ്ങളിലെ മെഡൽ ജേതാക്കൾക്ക് പാകിസ്താൻ ആഭ്യന്തര മന്ത്രി കൂടിയായ മൊഹ്‌സിൻ നഖ്‌വി മെഡലുകൾ സമ്മാനിക്കും. നിലവിലെ ചാമ്പ്യന്മാരും ഇത്തവണയും മെഡൽ സാധ്യതയിൽ മുന്നിലുള്ളവരുമായ ഇന്ത്യൻ പുരുഷ-വനിതാ ക്രിക്കറ്റ് ടീമുകൾക്ക് ഇത് പുതിയ പ്രതിസന്ധിയായി മാറി. മുൻപ് നടന്ന ഏഷ്യ കപ്പ് ടൂർണമെന്റുകളിൽ നഖ്‌വിയിൽ നിന്ന് ട്രോഫിയും മെഡലുകളും സ്വീകരിക്കാൻ ഇന്ത്യൻ ടീമുകൾ വിസമ്മതിച്ചിരുന്നു.
എന്നാൽ, ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (OCA) പ്രസിഡന്റ് ഷെയ്ഖ് ജോആൻ ബിൻ ഹമദ് അൽ ഥാനി ഔദ്യോഗികമായി ചുമതലപ്പെടുത്തുകയാണെങ്കിൽ ഇത്തവണ ഇന്ത്യൻ താരങ്ങൾക്ക് നഖ്‌വിയിൽ നിന്ന് മെഡലുകൾ സ്വീകരിക്കേണ്ടി വരും. ഇത് നിരസിക്കുന്നത് ഗെയിംസിനെയും ഒസിഎയെയും അവരുടെ ഔദ്യോഗിക പ്രതിനിധിയെയും അപമാനിക്കുന്നതായി കണക്കാക്കുമെന്നും താരങ്ങൾക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ വൃത്തങ്ങൾ വ്യക്തമാക്കി. കൂടാതെ, ചടങ്ങുകളിൽ രാഷ്ട്രീയമോ മറ്റ് തരത്തിലുള്ളതോ ആയ പ്രതിഷേധങ്ങൾക്ക് അനുമതിയില്ലെന്നും ഒസിഎ ചട്ടങ്ങളിൽ വ്യക്തമാക്കുന്നുണ്ട്.
