ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് വിദർശ കെ. വിനോദിന് സർക്കാർ ജോലി; കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായി നിയമനം

  1. Home
  2. Sports

ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് വിദർശ കെ. വിനോദിന് സർക്കാർ ജോലി; കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായി നിയമനം

vidarsha


ഏഷ്യൻ ഗെയിംസിൽ ഇരട്ട വെള്ളി മെഡൽ നേടി രാജ്യത്തിനും കേരളത്തിനും അഭിമാനമായ മലയാളി ഷൂട്ടിംഗ് താരം വിദർശ കെ. വിനോദിന് സർക്കാർ ജോലി നൽകി ആദരിക്കുന്നു. സംസ്ഥാന കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് വിദർശയ്ക്ക് നിയമനം നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് നിയമന ഉത്തരവ് വിദർശക്ക് കൈമാറും.

ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലും 50 മീറ്റർ റൈഫിൾ 3 പൊസിഷനിലുമാണ് വിദർശ ഇന്ത്യക്കായി രണ്ട് വെള്ളി മെഡലുകൾ വെടിവെച്ചിട്ടത്. ഇതോടെ ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിതാ താരമെന്ന ചരിത്രനേട്ടവും വിദർശ സ്വന്തമാക്കിയിരുന്നു.

മെഡൽ നേട്ടത്തിന് പിന്നാലെ നാട്ടിലെത്തിയ വിദർശ, കേരളത്തിൽ നിന്ന് ജോലി വാഗ്ദാനം ലഭിച്ചാൽ സ്വീകരിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു. ഇത് പരിഗണിച്ച കായിക മന്ത്രി ഒ.ജെ. ജനീഷ്, താരത്തിന് സർക്കാർ സർവീസിൽ അർഹമായ തസ്തികയിൽ ഉടൻ നിയമനം നൽകാൻ നിർദ്ദേശിക്കുകയായിരുന്നു. ഏഷ്യൻ ഗെയിംസിലെ തന്റെ നേട്ടത്തിൽ വലിയ അഭിമാനമുണ്ടെന്നും, വരും കാലങ്ങളിൽ കേരളത്തിൽ നിന്ന് ഇനിയും മികച്ച ഷൂട്ടിംഗ് താരങ്ങൾ ഉയർന്നുവരണമെന്നുമാണ് തന്റെ ആഗ്രഹമെന്നും വിദർശ നേരത്തെ പ്രതികരിച്ചിരുന്നു.