കായിക മാമാങ്കമായ ഏഷ്യന്‍ ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്
ഏഷ്യയുടെ ഏറ്റവും വലിയ കായിക മാമാങ്കമായ ഏഷ്യന്‍ ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്. നഗോയയിലെ പലോമ മിസുഹോ അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30 മുതലാണ് ഉദ്ഘാടന ചടങ്ങുകള്‍. ജപ്പാന്‍ ചക്രവര്‍ത്തി നാരുഹിതോ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യും. ചക്രവര്‍ത്തിനി മസാകോ, രാജകുമാരന്‍ അകിഷിനോ, രാജകുമാരി കികോ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. ഗെയിംസിന്റെ ഓണററി പ്രസിഡന്റാണ് രാജകുമാരന്‍ അകിഷിനോ. ജപ്പാനിലെ പ്രമുഖരായ കായിക താരങ്ങളും ചടങ്ങിനെത്തും.
ജപ്പാന്റെ ചരിത്രവും കലാ സാസ്‌കാരിക പാരമ്പര്യവും നിറയുന്ന ദൃശ്യ വിരുന്നും ഉദ്ഘാടന ചടങ്ങില്‍ അരങ്ങേറും. 'ചേര്‍ച്ചയുള്ള ഹൃദയതാളം' എന്ന ആശയത്തിലാണ് പരിപാടികള്‍. 'ഒരൊറ്റ ഏഷ്യ' എന്ന സങ്കല്‍പ്പമാണ് ഏഷ്യന്‍ ഗെയിംസിന്റെ ആശയം. ഹോനോഹോന്‍ ആണ് ഇത്തവണത്തെ ഭാഗ്യചിഹ്നം. ഉദ്ഘാടന ചടങ്ങുകൾ സോണി സ്പോർട്സ് ചാനലുകളിലും ഓൺ ലൈനിൽ സോണി ലിവിലും തത്സമയം കാണാം.
ഒറ്റ ഒളിംപിക്സിൽ രണ്ട് മെഡലുകൾ നേടിയ ഷൂട്ടർ മനു ഭാക്കറും ഷോട്പുട്ടിൽ തുടരെ രണ്ട് തവണ ഏഷ്യൻ ഗെയിംസ് സ്വർണം സ്വന്തമാക്കിയ തജീന്ദർപാൽ സിങും ഉദ്ഘാടന വേദിയിൽ ഇന്ത്യൻ പതാകയേന്തും. ഇന്ത്യൻ കായിക രംഗത്തെ രണ്ട് തലമുറകളെ പ്രതിനിധാനം ചെയ്യുന്ന താരങ്ങളാണ് ഇരുവരും. 503 അംഗങ്ങളുള്ള വമ്പൻ സംഘമാണ് ഇന്ത്യയ്ക്കായി ഇത്തവണ ഗെയിംസിനായി കളത്തിൽ ഇറങ്ങുന്നത്.
