വിൻഡീസിനെതിരെ ആദ്യ ടെസ്റ്റ് ഓസീസിന്; താരമായി ട്രാവിസ് ഹെഡ്

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയക്ക് ജയം. ബ്രിഡ്ജ്ടൗൺ, കെൻസിംഗടോൺ ഓവലിൽ നടന്ന മത്സരത്തിൽ 159 റൺസിന്റെ ജയമാണ് ഓസീസ് സ്വന്തമാക്കിയത്. 301 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 141ന് എല്ലാവരും പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ ജോഷ് ഹേസൽവുഡാണ് ആതിഥേയരെ തകർത്തത്. രണ്ട് ഇന്നിംഗ്സിലും മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ട്രാവിസ് ഹെഡാണ് മത്സരത്തിലെ താരം. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ വിൻഡീസ് 1-0ത്തിന് മുന്നിലെത്തി.
44 റൺസ് നേടിയ ഷമാർ ജോസഫാണ് വിൻഡീന്റെ ടോപ് സ്‌കോറർ. ജസ്റ്റിൻ ഗ്രീവ്സ് (38), ജോൺ കാംപെൽ (23), കീസി കാർട്ടി (20) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങൾ. ക്രെയ്ഗ് ബ്രാത്വെയ്റ്റ് (4), ബ്രൻഡൻ കിംഗ് (0), റോസ്റ്റൺ ചേസ് (2), ഷായ് ഹോപ്പ് (2), അൽസാരി ജോസഫ് (0), ജോമൽ വറിക്കാൻ (3), ജെയ്ഡൻ സീൽസ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. നേരത്തെ അലക്സ് ക്യാരി (65), ബ്യൂ വെബ്സ്റ്റർ (63), ട്രാവിസ് ഹെഡ് (61) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഓസീസിന് മികച്ച സ്‌കോർ സമ്മാനിച്ചത്.
ആദ്യ ഇന്നിംഗ്‌സിൽ 10 റൺസിന്റെ ലീഡ് വഴങ്ങിയിരുന്നു ഓസീസ്. സന്ദർശകരുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 180നെതിരെ വിൻഡീസ് 190 റൺസ് അടിച്ചെടുക്കുകയായിരുന്നു. ഷായ് ഹോപ്പ് (48), റോസ്റ്റൺ ചേസ് (44) എന്നിവരാണ് വിൻഡീസിനെ ലീഡ് നേടാൻ സഹായിച്ചത്. രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഓസീസിന്റെ തുടക്കം നന്നായില്ല. ഓപ്പണർമാരായ ഉസ്മാൻ ഖവാജ (15), സാം കോൺസ്റ്റാസ് (5) എന്നിവർക്ക് മികച്ച തുടക്കം നൽകാൻ സാധിച്ചില്ല. 34 റൺസ് ചേർക്കുന്നതിനിടെ ഇരുവരും മടങ്ങി. പിന്നാലെ ക്രീസിലെത്തിയ ജോഷ് ഇൻഗ്ലിസിനും (12), കാമറൂൺ ഗ്രീൻ (15) എന്നിവർക്ക് രണ്ടാം ഇന്നിംഗ്‌സിലും തിളങ്ങാൻ സാധിച്ചില്ല. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചിൽ പിന്നീട് ട്രാവിസ് ഹെഡ് - വെബ്സ്റ്റർ സഖ്യമാണ് പിന്നീട് വിക്കറ്റ് പോവാതെ കാത്തത്.
നേരത്തെ, വിൻഡീസിന്റെ ഒന്നാം ഇന്നിംഗ്‌സ് 190ന് അവസാനിക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്ക്, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ജോഷ് ഹേസൽവുഡ്, പാറ്റ് കമ്മിൻസ്, ബ്യൂ വെബ്സ്റ്റർ എന്നിവരാണ് വിൻഡീസിനെ തകർത്തത്. ഒരു ഘട്ടത്തിൽ അഞ്ചിന് 72 എന്ന നിലയിലായിരുന്നു വിൻഡീസ്. ക്രെയ്ഗ് ബ്രാത്വെയ്റ്റ് (4), ജോൺ കാംപൽ (7), കീസി കാർട്ടി (20), ബ്രൻഡിൻ കിംഗ് (26), ജോമൽ വറിക്കാൻ (0) എന്നിവർക്ക് തിളങ്ങാനായില്ല. തുടർന്ന് ചേസ് - ഹോപ്പ് സഖ്യമാണ് വിൻഡീസിനെ രക്ഷിച്ചത്. അർധ സെഞ്ചുറിക്ക് അടുത്ത് ഇരുവരും പുറത്തായെങ്കിലും അൽസാരി ജോസഫിന്റെ (20 പന്തിൽ പുറത്താവാതെ 23) ഇന്നിംഗ്‌സ് ലീഡിലേക്ക് നയിച്ചു. ജസ്റ്റിൻ ഗ്രീവ്‌സ് (4), ഷമാർ ജോസഫ് (8), ജയ്‌ഡെൻ സീൽസ് (2) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
നേരത്തെ ഹെഡിന്റെ (59) ഇന്നിംഗ്‌സാണ് ഓസീസിനെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ഉസ്മാൻ ഖവാജ (47), പാറ്റ് കമ്മിൻസ് (28) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. വെബ്‌സറ്ററാണ് (11) രണ്ടക്കം കണ്ട മറ്റൊരു താരം. സീൽസ് അഞ്ച് വിക്കറ്റ് വീഴ്ത്തി. ഷമാർ ജോസഫിന് നാല് വിക്കറ്റുണ്ട്.