സെഞ്ചുറി തിളക്കത്തിൽ അസറുദ്ദീൻ, കരുത്തായി സഞ്ജു, ഹിമാചലിനെതിരെ കേരളത്തിന് 268 റൺസ്
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹിമാചൽ പ്രദേശിനെതിരെ 269 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമുയർത്തി കേരളം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കേരളം നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 268 റൺസെടുത്തത്. മുഹമ്മദ് അസറുദ്ദീന്റെ തകർപ്പൻ സെഞ്ചുറിയും സഞ്ജു സാംസൺ, രോഹൻ കുന്നുമ്മൽ, വിഷ്ണു വിനോദ് എന്നിവരുടെ വെടിക്കെട്ട് ഇന്നിങ്സുകളുമാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. 57 പന്തിൽ നിന്ന് 101 റൺസെടുത്താണ് അസറുദ്ദീൻ പുറത്തായത്.
ഓപ്പണർമാരായ അസറുദ്ദീനും രോഹൻ കുന്നുമ്മലും ചേർന്ന് പവർപ്ലേയിൽ തകർത്തടിച്ചതോടെ കേരളം മികച്ച തുടക്കം കുറിച്ചു. അഞ്ച് ഓവർ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 76 റൺസെന്ന നിലയിലായിരുന്നു ടീം. ആറാം ഓവറിൽ 16 പന്തിൽ 35 റൺസെടുത്ത രോഹൻ കുന്നുമ്മൽ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ സഞ്ജു സാംസൺ ഹിമാചൽ ബൗളർമാരെ കടന്നാക്രമിച്ചു. അഞ്ച് ഫോറും രണ്ട് സിക്സറുമടക്കം 21 പന്തിൽ 44 റൺസെടുത്ത സഞ്ജു മികച്ച പിന്തുണ നൽകിയതോടെ 12 ഓവറിൽ കേരളം 158 റൺസിലെത്തി. തുടർന്നെത്തിയ വിഷ്ണു വിനോദ് 11 പന്തിൽ 22 റൺസെടുത്ത് മടങ്ങി.
56 പന്തിൽ സെഞ്ചുറി പൂർത്തിയാക്കിയ അസറുദ്ദീൻ ടീം സ്കോർ 200 കടത്തിയ ശേഷമാണ് പുറത്തായത്. അവസാന ഓവറുകളിൽ സൽമാൻ നിസാർ 15 പന്തിൽ 26 റൺസും അബ്ദുൾ ബാസിത്ത് അഞ്ച് പന്തിൽ 24 റൺസും നേടി സ്കോർ 268-ൽ എത്തിച്ചു. സൂപ്പർ ലീഗ് ഘട്ടത്തിലേക്ക് മുന്നേറാൻ കേരളത്തിന് ഈ മത്സരം നിർണായകമാണ്. നിലവിൽ ഗ്രൂപ്പിൽ രണ്ടാമതുള്ള ഹിമാചൽ പ്രദേശിന് 20 പോയിന്റും മൂന്നാമതുള്ള കേരളത്തിന് 16 പോയിന്റുമാണുള്ളത്. ഹിമാചലിനെ പരാജയപ്പെടുത്തിയാൽ 20 പോയിന്റും മികച്ച റൺറേറ്റുമായി കേരളത്തിന് അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ സാധിക്കും.
