താരങ്ങൾക്കെതിരെ മോശം പരാമർശം; ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഡയറക്ടർ നജ്മുൽ ഹുസൈനെ പുറത്താക്കി

  1. Home
  2. Sports

താരങ്ങൾക്കെതിരെ മോശം പരാമർശം; ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഡയറക്ടർ നജ്മുൽ ഹുസൈനെ പുറത്താക്കി

BANGLADESH


താരങ്ങൾക്കെതിരായ വിവാദ പരാമർശങ്ങളെത്തുടർന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (BCB) ഡയറക്ടറും ഫിനാൻസ് കമ്മിറ്റി ചെയർമാനുമായ നജ്മുൽ ഹുസൈനെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കി. ബംഗ്ലാദേശ് പ്രീമിയർ ലീഗ് (BPL) ബഹിഷ്‌കരിക്കുമെന്ന താരങ്ങളുടെ ശക്തമായ ഭീഷണിയെത്തുടർന്നാണ് ബോർഡിന്റെ ഈ അടിയന്തര നടപടി. ഐപിഎൽ, ടി20 ലോകകപ്പ് വിഷയങ്ങളിൽ ഇന്ത്യയുമായുള്ള തർക്കം നിലനിൽക്കുന്നതിനിടെയാണ് ബംഗ്ലാദേശ് ക്രിക്കറ്റിനെ പ്രതിസന്ധിയിലാക്കിയ ആഭ്യന്തര കലഹം രൂക്ഷമായത്.

താരങ്ങൾക്ക് മാച്ച് ഫീ ഇനത്തിൽ ലഭിക്കേണ്ട നഷ്ടപരിഹാരം നൽകില്ലെന്ന നജ്മുൽ ഹുസൈന്റെ പ്രസ്താവനയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഇതിന് പുറമെ, മുൻ ക്യാപ്റ്റൻ തമീം ഇക്ബാലിനെ 'ഇന്ത്യൻ ഏജന്റ്' എന്ന് ആക്ഷേപിച്ചതും വലിയ പ്രതിഷേധത്തിന് കാരണമായി. നജ്മുൽ രാജിവെക്കാതെ കളിക്കളത്തിലേക്ക് ഇറങ്ങില്ലെന്ന നിലപാടിലായിരുന്നു താരങ്ങൾ. ഇതേത്തുടർന്ന് വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന ബി.പി.എൽ മത്സരങ്ങളും ബുധനാഴ്ചത്തെ ധാക്ക ക്രിക്കറ്റ് ലീഗ് മത്സരവും തടസ്സപ്പെട്ടിരുന്നു. മാച്ച് റഫറി ഗ്രൗണ്ടിലെത്തിയെങ്കിലും താരങ്ങൾ സഹകരിക്കാൻ തയ്യാറായില്ല.

ഐപിഎല്ലിൽ നിന്ന് മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ടി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് ടീമിനെ അയക്കില്ലെന്ന് ബിസിബി നേരത്തെ നിലപാടെടുത്തിരുന്നു. ഇന്ത്യയിലെ തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ഇവരുടെ ആവശ്യം ഐസിസി തള്ളിയിരുന്നു. മുസ്തഫിസുറിനെ ഒഴിവാക്കിയ ബോർഡിന്റെ നിലപാടിനെ താരങ്ങൾ പിന്തുണച്ചില്ലെന്നും അതിനാൽ നഷ്ടപരിഹാരം നൽകില്ലെന്നുമായിരുന്നു നജ്മുലിന്റെ വാദം.

വിഷയത്തിൽ ബിസിബി ഖേദം പ്രകടിപ്പിക്കുകയും നജ്മുലിന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അദ്ദേഹത്തെ പുറത്താക്കിയത്. താരങ്ങളോടുള്ള ബഹുമാനവും പ്രൊഫഷണലിസവും ഉയർത്തിപ്പിടിക്കാനാണ് ഈ തീരുമാനമെന്ന് ബോർഡ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.