കെനറ്റ് ഐക്കോണിനെ സ്വന്തമാക്കി ബയർ ലെവർകൂസൻ
ജർമ്മൻ, ഇംഗ്ലീഷ് ക്ലബ്ബുകളിൽ നിന്നുള്ള കടുത്ത മത്സരങ്ങളെ മറികടന്ന് ഹെർത്താ ബെർലിന്റെ പതിനാറുകാരനായ ഡിഫെൻസീവ് മിഡ്ഫീൽഡർ കെനറ്റ് ഐക്കോണിനെ സ്വന്തമാക്കി ബയർ ലെവർകൂസൻ. 2024-ലെ ബുണ്ടസ് ലിഗ ചാമ്പ്യന്മാരായ ലെവർകൂസനെ സംബന്ധിച്ച് വരാനിരിക്കുന്ന സീസണിലെ ഏറ്റവും വലിയ ട്രാൻസ്ഫർ നേട്ടങ്ങളിലൊന്നാണിത്. ലെവർകൂസൻ മാനേജിങ് ഡയറക്ടർ സൈമൺ റോൾഫ്‌സ്, ഫുട്ബോൾ ഡയറക്ടർ കിം ഫാൽക്കൻബെർഗ് എന്നിവരുടെ നേതൃത്വത്തിൽ അതീവ രഹസ്യമായി നടത്തിയ നീക്കങ്ങൾക്കൊടുവിലാണ് യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും മൂല്യമുള്ള ഈ യുവതാരത്തെ ക്ലബ്ബ് തങ്ങളുടെ പാളയത്തിൽ എത്തിച്ചത്.
ജർമ്മനിയുടെ അണ്ടർ-17 അന്താരാഷ്ട്ര താരം കൂടിയായ ഐക്കോൺ, കഴിഞ്ഞ 2025-26 സീസണിലാണ് ഹെർത്താ ബെർലിന്റെ സീനിയർ ടീമിനായി അരങ്ങേറ്റം കുറിക്കുന്നത്. ജർമ്മൻ രണ്ടാം ഡിവിഷൻ ലീഗായ ‘2.ബുണ്ടസ് ലിഗ’യിൽ ഹെർത്തയ്ക്കായി 17 മത്സരങ്ങളിൽ താരം ബൂട്ട് കെട്ടിയിരുന്നു. ഐക്കോണിനായി രംഗത്തുണ്ടായിരുന്ന മറ്റ് പ്രമുഖ ക്ലബ്ബുകളെല്ലാം വരാനിരിക്കുന്ന സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കിയവരായിരുന്നു. എന്നാൽ ആ സൗകര്യം ഉടനടി നൽകാൻ സാധിക്കാത്ത ഏക ക്ലബ്ബായിരുന്നിട്ടും, ലെവർകൂസനെ തിരഞ്ഞെടുക്കാനാണ് ഈ യുവ മധ്യനിര താരം താല്പര്യം കാണിച്ചത്. 2025-ൽ സൂപ്പർ പരിശീലകൻ സാബി അലോൺസോ ക്ലബ്ബ് വിട്ടതിന് ശേഷം ഒരു പുനർനിർമ്മാണ ഘട്ടത്തിലൂടെ കടന്നുപോകുന്ന ലെവർകൂസനൊപ്പം തന്റെ കരിയർ മുന്നോട്ട് കൊണ്ടുപോകാൻ താരം തീരുമാനിക്കുകയായിരുന്നു.
