പുതിയ ടൈറ്റിൽ സ്പോൺസറെ പ്രഖ്യാപിച്ച് ബിസിസിഐ
വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പുതിയ ടൈറ്റിൽ സ്പോൺസറെ പ്രഖ്യാപിച്ച് ബിസിസിഐ. കേരളത്തില്‍ നിന്നുള്ള മുൻനിര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപ്പാണ് അടുത്ത രണ്ട് ഹോം സീസണുകളിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ടൈറ്റിൽ സ്പോൺസർഷിപ്പ് അവകാശം സ്വന്തമാക്കിയത്. ഒരു മത്സരത്തിന് 4.85 കോടി രൂപ അടിസ്ഥാന നിരക്കിലാണ് ബിസിസിഐ കരാർ ഉറപ്പിച്ചതെന്ന് ക്രിക്ബസ് റിപ്പോർട്ട് ചെയ്തു. അടിസ്ഥാന തുക ഉയർന്നതായതിനാൽ ലേലത്തിൽ പങ്കാളിത്തം കുറവായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള പരമ്പരയിൽ 3 ഏകദിനങ്ങളും 5 ടി20 മത്സരങ്ങളുമാണുള്ളത്. ഞായറാഴ്ച തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ഏകദിനത്തോടെ പരമ്പരയ്ക്ക് തുടക്കമാകും. സെപ്റ്റംബർ 30, ഒക്ടോബർ 3 തീയതികളിലാണ് രണ്ടും മൂന്നും ഏകദിനങ്ങൾ. ടി20 പരമ്പര ഒക്ടോബർ 6 മുതൽ 17 വരെ നടക്കും. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ശുഭ്മൻ ഗിൽ നായകസ്ഥാനത്ത് തുടരുമ്പോൾ കെ.എൽ. രാഹുലാണ് വൈസ് ക്യാപ്റ്റൻ. ധ്രുവ് ജുറെൽ 15 അംഗ ടീമിൽ ഇടം നേടിയിട്ടുണ്ട്.
