വൈഭവ് സൂര്യവംശിയുടെ ദീർഘകാല വളർച്ച ലക്ഷ്യമിട്ട് പ്രത്യേക പദ്ധതികളുമായി ബിസിസിഐ

  1. Home
  2. Sports

വൈഭവ് സൂര്യവംശിയുടെ ദീർഘകാല വളർച്ച ലക്ഷ്യമിട്ട് പ്രത്യേക പദ്ധതികളുമായി ബിസിസിഐ

vaibhav


 

പതിനഞ്ചുകാരനായ യുവ ബാറ്റിങ് സെൻസേഷൻ വൈഭവ് സൂര്യവംശിയുടെ ദീർഘകാല വളർച്ച ലക്ഷ്യമിട്ട് പ്രത്യേക പദ്ധതികളുമായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറുടെ പാത പിന്തുടർന്ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ ദീർഘകാലം തിളങ്ങാൻ വൈഭവിനെ പ്രാപ്തനാക്കുകയാണ് ലക്ഷ്യമെന്ന് ബിസിസിഐ സെക്രട്ടറി ദേവാജിത് സൈകിയ വ്യക്തമാക്കി. മുംബൈയിൽ നടന്ന ബിസിസിഐയുടെ ഉന്നതതല അവലോകന യോഗത്തിലാണ് വൈഭവിന്റെ ഭാവിയെക്കുറിച്ചുള്ള സുപ്രധാന ചർച്ചകൾ നടന്നത്.

വൈഭവ് സൂര്യവംശിയെപ്പോലുള്ള പ്രതിഭകൾ രാജ്യത്തിനായി സച്ചിനെപ്പോലെയോ മുൻകാല ഇതിഹാസങ്ങളെപ്പോലെയോ ദീർഘകാലം സേവനം ചെയ്യണമെന്നാണ് ബിസിസിഐ ആഗ്രഹിക്കുന്നതെന്ന് സൈകിയ പറഞ്ഞു. കേവലം ഒരു പരമ്പരയിലോ ഒരു വർഷത്തിലോ മാത്രം ഒതുങ്ങുന്ന വിസ്മയമായി മാറാതെ, ഓരോ ചുവടും കരുതലോടെ മുന്നോട്ട് വെക്കാനാണ് ബോർഡ് മുൻഗണന നൽകുന്നത്. നിലവിൽ വൈഭവിന്റെ ഓരോ നീക്കങ്ങളും ബിസിസിഐ എല്ലാ കോണുകളിൽ നിന്നും വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

ഐപിഎല്ലിലെ തകർപ്പൻ പ്രകടനത്തോടെയാണ് വൈഭവ് ശ്രദ്ധേയനായത്. ഇതിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന നേട്ടവും വൈഭവ് സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടി20 പരമ്പര പ്രതീക്ഷിച്ച പോലെ മികച്ചതായില്ലെങ്കിലും, സിംബാബ്വെയ്ക്കെതിരെ നടന്ന മൂന്ന് മത്സരങ്ങളിൽ നിന്ന് 151 റൺസ് നേടി വൈഭവ് ശക്തമായി തിരിച്ചുവന്നു.