ബിസിസിഐ സെൻട്രൽ കോൺട്രാക്ടിൽ വൻ മാറ്റത്തിനൊരുങ്ങുന്നു; എ പ്ലസ് വിഭാഗം ഒഴിവാക്കിയേക്കും
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ വാർഷിക കരാർ വ്യവസ്ഥകളിൽ വലിയ പരിഷ്കാരങ്ങൾ കൊണ്ടുവരാൻ ബിസിസിഐ ആലോചിക്കുന്നു. വിരാട് കോഹ്‌ലി, രോഹിത് ശർമ്മ തുടങ്ങിയ സൂപ്പർ താരങ്ങൾ ഉൾപ്പെടുന്ന എ പ്ലസ് (A+) എന്ന എലൈറ്റ് വിഭാഗം പൂർണ്ണമായും ഒഴിവാക്കാനാണ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ശുപാർശ ചെയ്തിരിക്കുന്നത്. പകരം എ, ബി, സി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങൾ മാത്രമായി കരാർ ചുരുക്കും.
താരങ്ങളുടെ മുൻകാല നേട്ടങ്ങളേക്കാൾ ഉപരിയായി, നിലവിൽ അവർ എത്രത്തോളം മത്സരങ്ങൾ കളിക്കുന്നു എന്നതിനും ഭാവിയിലെ അവരുടെ പങ്കിനുമായിരിക്കും ഇനി മുൻഗണന നൽകുക.
പുതിയ പരിഷ്കാരം നടപ്പിലായാൽ നിലവിൽ ഏകദിന മത്സരങ്ങളിൽ മാത്രം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കോഹ്‌ലി, രോഹിത് ശർമ്മ എന്നിവർ ബി ഗ്രേഡിലേക്ക് മാറിയേക്കാം.
എ പ്ലസ് വിഭാഗത്തിൽ 7 കോടി രൂപയായിരുന്ന പ്രതിഫലം ബി ഗ്രേഡിലെത്തുന്നതോടെ 3 കോടി രൂപയായി കുറയും. നിലവിൽ രോഹിത്, കോഹ്‌ലി, ജഡേജ, ബുംറ എന്നിവരാണ് എ പ്ലസ് വിഭാഗത്തിലുള്ളത്. ശുഭ്മാൻ ഗിൽ, ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത് തുടങ്ങിയവർ എ ഗ്രേഡിലാണ്. എല്ലാ ഫോർമാറ്റുകളിലും സജീവമായ യുവതാരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിലൂടെ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ഭദ്രമാക്കുകയാണ് ബിസിസിഐയുടെ ലക്ഷ്യം.
