ശ്രീലങ്കൻ പരമ്പരയിലെ മികച്ച പ്രകടനം; ഐസിസി റാങ്കിങ്ങിൽ കുതിച്ചുകയറി ഷഫാലി വർമ
ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ഐസിസി റാങ്കിങ്ങിൽ വലിയ മുന്നേറ്റം നടത്തി ഇന്ത്യൻ യുവതാരം ഷഫാലി വർമ. ബാറ്റർമാരുടെ പുതിയ പട്ടികയിൽ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ 21-കാരിയായ ഷഫാലി നിലവിൽ ആറാം സ്ഥാനത്താണ്.
ശ്രീലങ്കയ്ക്കെതിരായ നാല് ടി20 മത്സരങ്ങളിൽ നിന്ന് മൂന്ന് അർധസെഞ്ചുറികളടക്കം 236 റൺസാണ് ഷഫാലി അടിച്ചുകൂട്ടിയത്. ഈ പ്രകടനം താരത്തെ പത്താം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തേക്ക് എത്തിച്ചു. ഷഫാലിക്ക് പുറമെ സ്മൃതി മന്ഥന (മൂന്നാം സ്ഥാനം), ജെമീമ റോഡ്രിഗസ് (പത്താം സ്ഥാനം) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് ഇന്ത്യൻ ബാറ്റർമാർ.
ബൗളിംഗ് റാങ്കിങ്ങിൽ ഇന്ത്യയുടെ ദീപ്തി ശർമ ഒന്നാം സ്ഥാനം നിലനിർത്തി. ദീപ്തിക്ക് പുറമെ രേണുക സിങ് ഠാക്കൂർ മാത്രമാണ് ആദ്യ പത്തിൽ ഇടംപിടിച്ച മറ്റൊരു ഇന്ത്യൻ ബൗളർ. റേറ്റിംഗ് പോയിന്റുകളിൽ സ്മൃതി മന്ഥന 767 പോയിന്റും ജെമീമ 643 പോയിന്റും സ്വന്തമാക്കിയിട്ടുണ്ട്.
