വാംഖഡെയില്‍ ബേതേല്‍ തീര്‍ത്ത റെക്കോര്‍ഡുകള്‍

  1. Home
  2. Sports

വാംഖഡെയില്‍ ബേതേല്‍ തീര്‍ത്ത റെക്കോര്‍ഡുകള്‍

s


ടി20 ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ത്യയോട് പൊരുതി വീണപ്പോള്‍ ഇംഗ്ലണ്ട് നിരയില്‍ സ്റ്റാറായത് ജേക്കബ് ബേതേല്‍ എന്ന യുവ ബാറ്ററായിരുന്നു. കിടിലന്‍ സെഞ്ച്വറിയുമായി ഇന്ത്യക്ക് വന്‍ വെല്ലുവിളിയുയര്‍ത്തിയാണ് താരം മടങ്ങിയത്. വെറും 45 പന്തില്‍ താരം ശതകം പിന്നിട്ടു. ഒപ്പം നിരവധി റെക്കോര്‍ഡുകളും തന്റെ പേരില്‍ എഴുതി വച്ചാണ് താരം ക്രീസ് വിട്ടത്.

ടി20 ഫോര്‍മാറ്റിലെ തന്റെ കന്നി സെഞ്ച്വറിയാണ് താരം വാംഖഡെ മൈതാനത്ത് കുറിച്ചത്. 48 പന്തില്‍ 7 സിക്‌സും 8 ഫോറും സഹിതം ബേതേല്‍ 105 റണ്‍സില്‍ നില്‍ക്കെ റണ്ണൗട്ടായി മടങ്ങിയതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളും അവസാനിച്ചിരുന്നു. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മേല്‍ അത്രമേല്‍ ആധിപത്യം സ്ഥാപിച്ചാണ് 22കാരന്‍ കളം വാണത്.ടി20 ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായി ബേതേല്‍ മാറി. ആദ്യ സെമിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ന്യൂസിലന്‍ഡ് ഓപ്പണര്‍ ഫിന്‍ അല്ലന്‍ നേടിയ 33 പന്തിലെ സെഞ്ച്വറിയാണ് ഒന്നാമത്. തൊട്ടടുത്ത ദിവസം തന്നെ ബേതേല്‍ പട്ടികയിലെ രണ്ടാമനുമായി. ഒരു ഇംഗ്ലണ്ട് ബാറ്റര്‍ ടി20 ലോകകപ്പില്‍ നേടുന്ന ഏറ്റവും വേഗമാര്‍ന്ന സെഞ്ച്വറിയെന്ന നേട്ടമാണ് മറ്റൊന്ന്.

19 പന്തിലാണ് താരം അര്‍ധ സെഞ്ച്വറിയിലെത്തിയത്. ഇതും റെക്കോര്‍ഡാണ്. ടി20 ലോകകപ്പിലെ നോക്കൗട്ട് ഘട്ടത്തിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറി റെക്കോര്‍ഡിനൊപ്പവും ബേതേല്‍ തന്റെ പേര് എഴുതി വച്ചു. ഫിന്‍ അല്ലനും 19 പന്തില്‍ അര്‍ധ സെഞ്ച്വറി നേടി പട്ടികയില്‍ ആദ്യം എത്തിയിരുന്നു.

ടി20 ലോകകപ്പില്‍ ഒരു ഇംഗ്ലണ്ട് താരം നേടുന്ന അതിവേഗ അര്‍ധ സെഞ്ച്വറിയുടെ റെക്കോര്‍ഡും ബേതേല്‍ സ്വന്തമാക്കി. ഇറ്റലിക്കെതിരെ ഈ ലോകകപ്പില്‍ തന്നെ 21 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ വില്‍ ജാക്‌സിന്റെ നേട്ടമാണ് ദിവസങ്ങളുടെ വ്യത്യാസത്തില്‍ ബേതേല്‍ രണ്ടാം സ്ഥാനത്താക്കിയത്.