ഗോവയേയും തകർത്ത് ബ്ലാസ്റ്റേഴ്സ്; ആവേശപ്പോരാട്ടത്തിൽ 2-1 ന്റെ വിജയം
ഐഎസ്എൽ സീസണിലെ തങ്ങളുടെ അവസാന മത്സരത്തിൽ എഫ്‌സി ഗോവയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കൊമ്പന്മാരുടെ തകർപ്പൻ വിജയം. ജയത്തോടെ 13 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് പട്ടികയിൽ എട്ടാം സ്ഥാനത്ത് സീസൺ ഫിനിഷ് ചെയ്തു. തോൽവി വഴങ്ങിയെങ്കിലും 20 പോയിന്റുള്ള എഫ് സി ഗോവ ഏഴാം സ്ഥാനത്തുണ്ട്.
മത്സരത്തിന്റെ ആദ്യപകുതി ഗോൾരഹിതമായിരുന്നു. എന്നാൽ രണ്ടാം പകുതി തുടങ്ങി തൊട്ടുപിന്നാലെ 47-ാം മിനിറ്റിൽ ഫ്രഞ്ച് താരം കെവിൻ യോക്കിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ആദ്യ ഗോളടിച്ച് മുന്നിലെത്തി. ബോക്സിന്റെ ഇടത് ഭാഗത്തു കൂടി മനോഹരമായി ഡ്രിബിൾ ചെയ്‌തുകയറി യോക്ക് ഉതിർത്ത ക്ലോസ് റേഞ്ച് ഷോട്ട് ഗോവ ഗോൾകീപ്പറെ കാഴ്ചക്കാരനാക്കി വലയിൽ പതിക്കുകയായിരുന്നു. എന്നാൽ 61-ാം മിനിറ്റിൽ മലയാളി താരം മുഹമ്മദ് നെമിൽ നേടിയ മനോഹര ഗോളിലൂടെ എഫ്‌സി ഗോവ മത്സരത്തിൽ സമനില പിടിച്ചു.
തുടർന്ന് ഇരുടീമുകളും വിജയത്തിനായി ആഞ്ഞുശ്രമിച്ചതോടെ കളി ആവേശകരമായി. ഒടുവിൽ 80-ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന വിജയഗോളെത്തി. വലതു കോർണറിൽ നിന്നും ഫ്രാഞ്ചോ എടുത്ത കൃത്യതയാർന്ന കോർണർ കിക്ക് പ്രതിരോധിക്കുന്നതിൽ ഗോവൻ താരം സന്ദേശ് ജിംഗന് പിഴച്ചു. ഈ സമയം പോസ്റ്റിന് മുന്നിൽ തക്കം പാർത്തിരുന്ന ഫാലോ വലതു കാലുകൊണ്ട് പന്ത് വലയിലേക്ക് തട്ടിയിട്ടതോടെ ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിച്ചു. അവസാന ആറ് മത്സരങ്ങളിലും പരാജയമറിയാതെ തുടർച്ചയായ മികച്ച പ്രകടനത്തോടെയാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണ സീസൺ അവസാനിപ്പിച്ചത്.
