കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ് - ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി

  1. Home
  2. Sports

കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ് - ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി

brazil


ഫുട്ബോൾ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രസീൽ ലെജൻഡ്സും ഇന്ത്യൻ ഓൾ സ്റ്റാർസും തമ്മിലുള്ള പ്രദർശന മത്സരം സെപ്റ്റംബർ 23-ലേക്ക് മാറ്റിവെച്ചു. സെപ്റ്റംബർ 20-ന് കൊച്ചി ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരമാണ് പുതിയ തീയതിയിലേക്ക് പുനഃക്രമീകരിച്ചത്. ഫുട്ബോൾ ഇതിഹാസം റൊണാൾഡീന്യോ പങ്കുവെച്ച പ്രത്യേക വീഡിയോ സന്ദേശത്തിലൂടെയാണ് മത്സരതീയതി മാറ്റിയ വിവരം പുറത്തുവിട്ടത്.

2002 ലോകകപ്പ് ജേതാക്കളായ റൊണാൾഡീന്യോ, റിവാൾഡോ എന്നിവർക്കൊപ്പം എഡ്മിൽസൺ, പൗലോ സെർജിയോ, ജോർജീഞ്ഞോ, ഹ്യൂറെൽഹോ ഗോമസ് തുടങ്ങിയ വമ്പൻ താരനിര തന്നെയാണ് ബ്രസീലിനായി കൊച്ചിയിൽ കളത്തിലിറങ്ങുന്നത്. ഐ.എം. വിജയൻ, ജോ പോൾ അഞ്ചേരി, സി.കെ. വിനീത്, കെ.ടി. ചാക്കോ എന്നിവരുൾപ്പെടുന്ന മുൻനിര ഇന്ത്യൻ താരങ്ങളാണ് 'ഇന്ത്യൻ ഓൾ സ്റ്റാർസ്' ടീമിൽ അണിനിരക്കുന്നത്.

ഗാമൻ വേൾഡ് സ്പോർട്സ്, എ ടു ഇസെഡ് ലോജിസ്റ്റിക്സ്, എ സാബാ ഡോസ് എന്നിവർ സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്. ചെന്നൈ, കൊച്ചി, ഹൈദരാബാദ്, മുംബൈ, ദുബായ് എന്നീ അഞ്ച് നഗരങ്ങളിലായി നടക്കുന്ന ബ്രസീൽ മുൻ താരങ്ങളുടെ ഗ്ലോബൽ ടൂറിന്റെ ഭാഗമായാണ് ഈ പോരാട്ടം.