വെനസ്വെലയ്ക്ക് കൈത്താങ്ങുമായി ബ്രസീൽ താരം നെയ്മർ
ഇരട്ട ഭൂകമ്പം സർവനാശം വിതച്ച വെനസ്വെലയ്ക്ക് കൈത്താങ്ങുമായി ബ്രസീൽ സൂപ്പർ താരം നെയ്മർ. ഭൂകമ്പത്തിൽ തകർന്ന രാജ്യത്തിന്റെ രക്ഷാപ്രവർത്തനങ്ങൾക്കായി താരം കോടികൾ സംഭാവന നൽകി. അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കും മറ്റ് സഹായങ്ങൾക്കുമായി താരം 250,000 യുഎസ് ഡോളർ (ഏകദേശം രണ്ടര കോടിയ്ക്കടുത്ത് ഇന്ത്യൻ രൂപ) സംഭാവന ചെയ്തതായാണ് റിപ്പോർട്ടുകൾ. 'എൽ സുമാരിയോ' ദുരന്തം ബാധിച്ച ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഭക്ഷണം, കുടിവെള്ളം, താത്കാലിക അഭയ കേന്ദ്രങ്ങൾ, മറ്റ് അടിയന്തര സഹായങ്ങൾ എന്നിവയുൾപ്പെടെയുള്ളവ എത്തിക്കാനായാണ് താരം സഹായം നൽകിയത്.
എന്റെ ഹൃദയം വെനസ്വെലയിലെ ജനങ്ങൾക്കൊപ്പമാണ്. എന്റെ സഹായം ദുരിതബാധിതരായ കുടുംബങ്ങൾക്ക് കരുത്തും ആശ്വാസവും പകരട്ടെ- നെയ്മർ വ്യക്തമാക്കി. ഫിഫ ലോകകപ്പിൽ ബ്രസീൽ ടീമിനൊപ്പം ഇന്ന് ജപ്പാനെതിരായ റൗണ്ട് ഓഫ് 32 പോരാട്ടത്തിനു ഇറങ്ങാനിരിക്കെയാണ് നെയ്മർ സഹായ ഹസ്തം നീട്ടിയത്.റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഇരട്ട ഭൂകമ്പങ്ങളാണ് വെനസ്വെലയിൽ വ്യാപക നാശം വിതച്ചത്. ഇതിന് പിന്നാലെയുണ്ടായ തുടർച്ചയായ ചലനങ്ങൾ രക്ഷാപ്രവർത്തനങ്ങളെ കൂടുതൽ സങ്കീർണമാക്കി. റിപ്പോർട്ടുകൾ പ്രകാരം കുറഞ്ഞത് 1,430 പേർക്കെങ്കിലും ജീവൻ നഷ്ടപ്പെടുകയും 3,238ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 3,100 ലധികം കുടുംബങ്ങൾ ഭവനരഹിതരായതായാണ് വിവരം. അന്താരാഷ്ട്ര മാനുഷിക സംഘടനകളും വിവിധ രാജ്യങ്ങളിലെ സർക്കാരുകളും സഹായ ഹസ്തവുമായി മുന്നോട്ടു വന്നിട്ടുണ്ട്.
