ബ്രിക്‌സ് ഉച്ചകോടി: ഇന്ത്യ-അഫ്ഗാൻ ടി20 മത്സരം മാറ്റിവെക്കാൻ ഡൽഹി പോലീസിന്റെ അഭ്യർഥന

  1. Home
  2. Sports

ബ്രിക്‌സ് ഉച്ചകോടി: ഇന്ത്യ-അഫ്ഗാൻ ടി20 മത്സരം മാറ്റിവെക്കാൻ ഡൽഹി പോലീസിന്റെ അഭ്യർഥന

t20


സെപ്റ്റംബർ 13-ന് ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കേണ്ട ഇന്ത്യ-അഫ്ഗാനിസ്ഥാൻ ഒന്നാം ടി20 മത്സരം മാറ്റിവെക്കണമെന്ന അഭ്യർഥനയുമായി ഡൽഹി ട്രാഫിക് പോലീസ്. തലസ്ഥാനത്ത് നടക്കാനിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായുള്ള വൻ സുരക്ഷാ സജ്ജീകരണങ്ങളും ഗതാഗത ക്രമീകരണങ്ങളും കണക്കിലെടുത്താണ് പോലീസിന്റെ ഈ നീക്കം.

സെപ്റ്റംബർ 12, 13 തീയതികളിൽ ഉച്ചകോടിക്കായി വിദേശ പ്രതിനിധികളും വി.വി.ഐ.പികളും എത്തുന്നതിനാൽ നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. അതേസമയം, മത്സരദിവസം 35,000-ത്തോളം കാണികൾ എത്തുമ്പോൾ ബി.എസ്.സെഡ് മാർഗ്, ഡി.ഡി.യു മാർഗ്, മിന്റോ റോഡ്, രാജ്ഘട്ട് തുടങ്ങിയ പ്രധാന റോഡുകളിൽ രൂക്ഷമായ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന് ട്രാഫിക് പോലീസ് ചൂണ്ടിക്കാണിക്കുന്നു. ഉച്ചകോടിയുടെ സുരക്ഷയ്ക്ക് കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കേണ്ടതിനാൽ മത്സരം മാറ്റിവെക്കാനാണ് പോലീസിന്റെ ആവശ്യം.

എന്നാൽ മത്സരം നിശ്ചയിച്ച തീയതിയിൽ തന്നെ നടക്കാനാണ് സാധ്യതയെന്നും തീയതി മാറ്റാൻ ഡി.ഡി.സി.എയ്ക്ക് (DDCA) അധികാരമില്ലെന്നും സെക്രട്ടറി അശോക് ശർമ അറിയിച്ചു. അന്തിമതീരുമാനം ബി.സി.സി.ഐയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമാണ് കൈക്കൊള്ളേണ്ടത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ബാക്കി ടി20 മത്സരങ്ങൾ സെപ്റ്റംബർ 15, 17 തീയതികളിലാണ് നിശ്ചയിച്ചിരിക്കുന്നത്.