കൊച്ചിക്കെതിരെ അനായാസ വിജയം നേടി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്
കേരള ക്രിക്കറ്റ് ലീഗിൽ (KCL) കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ എട്ട് വിക്കറ്റിന്റെ അനായാസ വിജയവുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കാലിക്കറ്റ് നാല് ഓവർ ബാക്കി നിൽക്കെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി (151/2). 39 പന്തുകളിൽ നിന്ന് ഏഴ് സിക്സറുകളടക്കം 78 റൺസ് അടിച്ചുകൂട്ടി വിജയമൊരുക്കിയ രോഹൻ കുന്നുമ്മലാണ് പ്ലെയർ ഓഫ് ദി മാച്ച്.
നേരത്തെ ബാറ്റിങ്ങിനിറങ്ങിയ കൊച്ചിയുടെ മുൻനിര വീണ്ടും നിരാശപ്പെടുത്തിയെങ്കിലും മധ്യനിരയിൽ മനുകൃഷ്ണന്റെയും (30) സച്ചിൻ സുരേഷിന്റെയും (42*) പ്രകടനമാണ് ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. കാലിക്കറ്റിന് വേണ്ടി അഖിൻ സത്താറും അബ്ദുൾ ബാസിതും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ വരുൺ നായനാരുടെ (7) വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും, രോഹൻ കുന്നുമ്മലും കെ. എസ്. അരവിന്ദും ചേർന്ന് കാലിക്കറ്റിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. അരവിന്ദ് 44 റൺസുമായും അഖിൽ സ്കറിയ 17 റൺസുമായും പുറത്താകാതെ നിന്നു.
