33 പന്തിൽ സെഞ്ചുറി; ദക്ഷിണാഫ്രിക്കയെ തകർത്ത് ഫിൻ അലൻ; സഞ്ജുവിനെയും രോഹിത്തിനെയും മറികടന്ന് റെക്കോഡ് വേട്ട

  1. Home
  2. Sports

33 പന്തിൽ സെഞ്ചുറി; ദക്ഷിണാഫ്രിക്കയെ തകർത്ത് ഫിൻ അലൻ; സഞ്ജുവിനെയും രോഹിത്തിനെയും മറികടന്ന് റെക്കോഡ് വേട്ട

fin allen


ടി20 ലോകകപ്പ് സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി ന്യൂസിലൻഡ് ഫൈനലിൽ പ്രവേശിച്ചു. ഓപ്പണർ ഫിൻ അലന്റെ വെടിക്കെട്ട് സെഞ്ചുറിയാണ് കിവീസിന് അനായാസ ജയം സമ്മാനിച്ചത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം വെറും 12.5 ഓവറിൽ ന്യൂസിലൻഡ് മറികടന്നു. വിജയത്തിന് ഒരു റൺസ് മാത്രം അകലെ നിൽക്കെ ഫോറടിച്ചാണ് ഫിൻ അലൻ തന്റെ റെക്കോഡ് സെഞ്ചുറി പൂർത്തിയാക്കിയത്. അലനൊപ്പം ടിം സെയ്‌ഫേർട്ടും മികച്ച പ്രകടനം പുറത്തെടുത്തു.

വെറും 33 പന്തിൽ സെഞ്ചുറി തികച്ച ഫിൻ അലൻ ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി എന്ന റെക്കോഡ് സ്വന്തമാക്കി. 2016-ൽ ഇംഗ്ലണ്ടിനെതിരെ 47 പന്തിൽ സെഞ്ചുറി നേടിയ ക്രിസ് ഗെയ്‌ലിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. കൂടാതെ, ഒരു ടെസ്റ്റ് പദവിയുള്ള രാജ്യത്തിനെതിരെ നേടുന്ന അതിവേഗ ടി20 സെഞ്ചുറി എന്ന നേട്ടത്തിലും അലൻ രോഹിത് ശർമയെയും ഡേവിഡ് മില്ലറെയും മറികടന്നു. 35 പന്തിൽ സെഞ്ചുറി നേടിയായിരുന്നു രോഹിത്തും മില്ലറും മുമ്പ് ഈ റെക്കോഡ് പങ്കിട്ടിരുന്നത്.

ടി20 ലോകകപ്പിന്റെ സെമിയിലോ ഫൈനലിലോ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന ചരിത്രനേട്ടവും അലൻ സ്വന്തം പേരിലെഴുതി. 2009 സെമിയിൽ ശ്രീലങ്കയുടെ തിലകരത്‌നെ ദിൽഷൻ നേടിയ 96 റൺസായിരുന്നു ഇതിന് മുമ്പത്തെ ഉയർന്ന സ്കോർ. ഈഡൻ ഗാർഡൻസിൽ പിറക്കുന്ന ആദ്യ അന്താരാഷ്ട്ര ടി20 സെഞ്ചുറിയാണിത്. ഇതേ ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ സഞ്ജു സാംസൺ നേടിയ 97 റൺസായിരുന്നു ഈ മൈതാനത്തെ ഇതിന് മുമ്പുള്ള ഉയർന്ന സ്കോർ. ഒരു ലോകകപ്പിൽ 20 സിക്‌സറുകൾ തികയ്ക്കുന്ന ആദ്യ താരമായും ഫിൻ അലൻ മാറി.