ആദ്യജയം ലക്ഷ്യമിട്ട് ചെന്നൈ ഇന്നിറങ്ങുന്നു; എതിരാളികൾ ഡല്‍ഹി ക്യാപിറ്റല്‍സ്

  1. Home
  2. Sports

ആദ്യജയം ലക്ഷ്യമിട്ട് ചെന്നൈ ഇന്നിറങ്ങുന്നു; എതിരാളികൾ ഡല്‍ഹി ക്യാപിറ്റല്‍സ്

chennai


ഐപിഎല്ലിലെ ആദ്യ വിജയം തേടി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ന് സ്വന്തം തട്ടകമായ ചെപ്പോക്കിൽ ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. രാത്രി ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സിനോടേറ്റ നേരിയ തോല്‍വിയുടെ ആഘാതം മറികടന്ന് വിജയവഴിയിൽ തിരിച്ചെത്താനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ലക്ഷ്യമിടുന്നത്. ചെന്നൈയെ സംബന്ധിച്ച് സഞ്ജു സാംസൺ-റുതുരാജ് ഗെയ്ക്‌വാദ് ഓപ്പണിംഗ് സഖ്യത്തിന്റെ ഫോമില്ലായ്മ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും സഞ്ജുവിന് രണ്ടക്കം കടക്കാനാവാത്തത് ആരാധകർക്കും ടീമിനും ഒരുപോലെ തിരിച്ചടിയാണ്. ആയുഷ് മാത്രേ, ശിവം ദുബേ എന്നിവർക്കും ഇതുവരെ ഫോമിലേക്ക് ഉയരാനായിട്ടില്ല. നിലവിൽ സർഫറാസ് ഖാൻ മാത്രമാണ് ബാറ്റിംഗിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നത്. എന്നാൽ പരിക്കുമാറി ഡിവാൾഡ് ബ്രേവിസ് തിരിച്ചെത്തുന്നത് ചെന്നൈയ്ക്ക് വലിയ ആശ്വാസമാണ്.

മറുഭാഗത്ത് കെ.എൽ രാഹുൽ കൂടി ഫോമിലേക്ക് എത്തിയതോടെ ഡൽഹി നിര അതീവ അപകടകാരികളായി മാറിയിട്ടുണ്ട്. അക്‌സർ പട്ടേൽ, ഡേവിഡ് മില്ലർ, ട്രിസ്റ്റൻ സ്റ്റബ്‌സ് എന്നിവരടങ്ങുന്ന കരുത്തുറ്റ ബാറ്റിംഗ് നിരയും കുൽദീപ് യാദവ്, ലുംഗി എൻഗിഡി, ടി നടരാജൻ എന്നിവരടങ്ങിയ ബൗളിംഗ് യൂണിറ്റും ഡൽഹിക്ക് മുൻതൂക്കം നൽകുന്നു. ഇതുവരെ ഏറ്റുമുട്ടിയ 31 മത്സരങ്ങളിൽ 19 എണ്ണത്തിൽ ചെന്നൈയും 12 എണ്ണത്തിൽ ഡൽഹിയുമാണ് വിജയിച്ചിട്ടുള്ളത്.

പഞ്ചാബ് - ഹൈദരാബാദ് പോരാട്ടം

ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് നടക്കുന്ന ആദ്യ മത്സരത്തിൽ പഞ്ചാബ് കിംഗ്‌സ് സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. തോൽവി അറിയാതെ കുതിക്കുന്ന പഞ്ചാബ് വലിയ ആത്മവിശ്വാസത്തിലാണ്. ഗുജറാത്തിനെയും ചെന്നൈയെയും തോൽപ്പിച്ച പഞ്ചാബ് ബാറ്റിംഗിലും ബൗളിംഗിലും ഒരേപോലെ സന്തുലിതമായ പ്രകടനമാണ് നടത്തുന്നത്. എന്നാൽ ബാറ്റിംഗ് നിരയെ അമിതമായി ആശ്രയിക്കുന്നതാണ് ഹൈദരാബാദിന്റെ വെല്ലുവിളി. കഴിഞ്ഞ മത്സരങ്ങളിൽ ബെംഗളൂരുവിനോടും ലക്‌നൗവിനോടും തോറ്റ ഹൈദരാബാദിന് ഈ മത്സരം വിജയവഴിയിൽ തിരിച്ചെത്താൻ അനിവാര്യമാണ്.