കൊക്കെയ്ൻ ഉപയോഗം; ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ക്രിസ് ലിന് വിലക്ക്
ലഹരിമരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഓസ്ട്രേലിയൻ ക്രിക്കറ്റ് താരവും ബിഗ് ബാഷ് ലീഗിലെ മുൻനിര റൺവേട്ടക്കാരനുമായ ക്രിസ് ലിന് ഒരു മാസത്തെ വിലക്ക് ഏർപ്പെടുത്തി. ഇംഗ്ലണ്ടിൽ നടന്ന ടി20 ബ്ലാസ്റ്റ് മത്സരത്തിനിടെ നോർത്താംപ്ടൺഷെയർ ടീമിനായി കളിക്കുമ്പോൾ നടത്തിയ പതിവ് ആന്റി-ഡോപ്പിങ് പരിശോധനയിലാണ് 36-കാരനായ ലിൻ കൊക്കെയ്ൻ ഉപയോഗിച്ചതായി കണ്ടെത്തിയത്. തുടര്ന്ന് താരം കുറ്റം സമ്മതിക്കുകയായിരുന്നു.
താരത്തിന്റെ സാമ്പിളിൽ കൊക്കെയ്ന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് മാസത്തെ സസ്പെൻഷനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ലഹരിവിരുദ്ധ പുനരധിവാസ പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയതോടെ വിലക്ക് ഒരു മാസമായി കുറയ്ക്കുകയായിരുന്നു. കായിക പ്രകടനം മെച്ചപ്പെടുത്താനല്ല ലഹരി ഉപയോഗിച്ചതെന്ന താരത്തിന്റെ വാദം അംഗീകരിക്കപ്പെട്ടു.
ഓസ്ട്രേലിയക്കായി 18 ടി20 മത്സരങ്ങളിലും നാല് ഏകദിനങ്ങളിലും ജേഴ്സിയണിഞ്ഞ ലിൻ, ബിഗ് ബാഷ് ലീഗിലെ എക്കാലത്തെയും ഉയർന്ന റൺവേട്ടക്കാരനാണ്. അടുത്ത മാസം ആരംഭിക്കുന്ന ബിഗ് ബാഷ് ലീഗിൽ മെൽബൺ റെനഗേഡ്സ് നിരയിൽ ലിൻ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
