വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന് 35 വർഷം തടവ്; മൂന്നാം കേസിലും കുറ്റക്കാരൻ
ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കോച്ച് എം. മനുവിന് (40) 35 വർഷം കഠിന തടവും 66,000 രൂപ പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി. പ്രതിക്കെതിരെയുള്ള ആറ് കേസുകളിൽ രണ്ടാമത്തേതിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. മനുവിനെതിരെയുള്ള മൂന്നാമത്തെ കേസിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഈ കേസുകളിലെ ശിക്ഷാ കാലാവധി ഒന്നിനു പുറകെ ഒന്നായി വെവ്വേറെ അനുഭവിക്കണമെന്നും ജഡ്ജി അഞ്ജു മീര ബിർള ഉത്തരവിട്ടു.
2018 മുതൽ തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിങ് സെന്ററിൽ പരിശീലനത്തിനെത്തിയ കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തുകയും ചെയ്തുവെന്നാണ് കേസ്. കുട്ടിയുടെ ക്രിക്കറ്റ് ഭാവി തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ പീഡനവിവരം പുറത്തുപറഞ്ഞിരുന്നില്ല. ഈ കുട്ടിക്ക് പുറമെ മറ്റ് അഞ്ച് പെൺകുട്ടികളെക്കൂടി പ്രതി സമാന രീതിയിൽ പീഡിപ്പിച്ചിരുന്നു.
വളരെ വർഷങ്ങൾക്ക് ശേഷം 2024-ൽ തിരുവനന്തപുരത്ത് നടന്ന ഒരു ടൂർണമെന്റിനിടെ പ്രതിയെ കണ്ട് ഭയന്ന അതിജീവിതമാരിൽ ഒരാൾ ബഹളം വെച്ചതോടെയാണ് ക്രൂരത പുറംലോകമറിയുന്നത്. തുടർന്നാണ് മറ്റ് കുട്ടികളും പരാതിയുമായി രംഗത്തെത്തിയത്. നിലവിൽ നാല് കേസുകളുടെ വിചാരണ പൂർത്തിയായിട്ടുണ്ട്. ഇതിൽ ആദ്യ കേസിൽ കഴിഞ്ഞ മാസം പ്രതിയെ ശിക്ഷിച്ചിരുന്നു. ഇപ്പോൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മൂന്നാമത്തെ കേസിൽ വരും ശനിയാഴ്ച കോടതി വിധി പ്രസ്താവിക്കും. പ്രോസീക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി.
