ക്രിസ്റ്റ്യാനോ റൊണാൾഡോ - ജോർജീന വിവാഹം ശനിയാഴ്ച
പോർച്ചുഗൽ നായകനും സൂപ്പർ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജീന റോഡ്രീഗ്സും വിവാഹിതരാകുന്നു. ക്രിസ്റ്റ്യാനോയുടെ ജന്മദേശമായ മെദീരയിലെ പ്രസിദ്ധമായ ഫുൻചാൽ കത്തീഡ്രൽ പള്ളിയിൽ വെച്ച് ശനിയാഴ്ചയാണ് വിവാഹച്ചടങ്ങുകൾ നടക്കുക. കഴിഞ്ഞ ഒൻപത് വർഷമായി ഒന്നിച്ചു കഴിയുന്ന ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു. അഞ്ച് മക്കളുടെ മാതാപിതാക്കളായ ഇരുവരും നിലവിൽ സൗദി അറേബ്യയിലാണ് താമസം.
അതിനിടെ, വിവാഹത്തിന്റേതെന്ന പേരിൽ പ്രചരിക്കുന്ന വ്യാജ ക്ഷണക്കത്തും അതിലെ അതിഥി പട്ടികയും ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്. പോർച്ചുഗീസ് താരത്തിന്റെ എക്കാലത്തെയും വലിയ എതിരാളിയായ അർജന്റീന നായകൻ ലയണൽ മെസിയുടെ പേരും ചോർന്ന അതിഥി പട്ടികയിലുണ്ട്.
കിലിയൻ എംബാപ്പെ, വിനീഷ്യസ് ജൂനിയർ, അലക്സ് ഫെർഗൂസൻ, വെയ്ൻ റൂണി, സിനദിൻ സിദാൻ എന്നിവർക്ക് പുറമെ വിൻ ഡീസൽ, റിയാന്ന, ജെന്നിഫർ ലോപ്പസ് തുടങ്ങിയ സിനിമാ-സംഗീത ലോകത്തെ പ്രമുഖരുടെയും പേരുകൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ചടങ്ങുകൾക്ക് ശേഷം ഫുൻചാലിലെ പ്രമുഖ ഫൈവ് സ്റ്റാർ ഹോട്ടലായ സവോയ് പാലസിലാണ് സത്കാരം ഒരുക്കിയിരിക്കുന്നത്.
