യൂറോ കിരീടം ലോകകപ്പിന് തുല്യം: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
2026 ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാര്‍ട്ടറില്‍ സ്‌പെയിനോട് 0-1 ന് തോറ്റ് പോര്‍ച്ചുഗല്‍ പുറത്തായതിനു പിന്നാലെ കണ്ണീരോടെയാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളംവിട്ടത്. തന്റെ കരിയറിലെ അവസാന ലോകകപ്പാണിതെന്ന് താരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നെങ്കിലും, പെട്ടെന്നൊരു വിരമിക്കല്‍ പ്രഖ്യാപനത്തിന് 41കാരനായ ഇതിഹാസ താരം തയ്യാറായിട്ടില്ല. മത്സരശേഷം കരിയറിനെക്കുറിച്ചും ഭാവി തീരുമാനങ്ങളെക്കുറിച്ചും വികാരാധീനനായി സംസാരിച്ച റൊണാള്‍ഡോ, പോര്‍ച്ചുഗല്‍ ഫുട്‌ബോളില്‍ തന്റെ സാന്നിധ്യം എത്രത്തോളം നിര്‍ണായകമായിരുന്നുവെന്ന് അടിവരയിട്ടു പറഞ്ഞു.
'ലോകകപ്പില്‍ നിന്ന് ഈ രീതിയില്‍ പുറത്തുപോകേണ്ടി വന്നതില്‍ എനിക്ക് വലിയ സങ്കടമുണ്ട്. ഞാന്‍ എന്റെ സര്‍വ്വവും ടീമിനായി നല്‍കി. എന്റെ പരമാവധി ഞാന്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്, അതുകൊണ്ട് തന്നെ തികച്ചും സമാധാനമുള്ള മനസ്സോടെയാണ് ഞാന്‍ മടങ്ങുന്നത്. അതെ, ഇത് എന്റെ അവസാന ലോകകപ്പായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനുമുള്ള സമയമാണ്. പെട്ടെന്ന് എടുത്തുചാടി ഒരു തീരുമാനവും എടുക്കില്ല.
ഞാന്‍ പോര്‍ച്ചുഗലിന് മൂന്ന് കിരീടങ്ങള്‍ നേടിക്കൊടുത്തു (2016ലെ യൂറോ കപ്പും, രണ്ട് തവണ യുവേഫ നേഷന്‍സ് ലീഗും). ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് മുന്‍പ് പോര്‍ച്ചുഗല്‍ ഒരു കിരീടം പോലും നേടിയിട്ടുണ്ടായിരുന്നില്ല. ദേശീയ ടീമിന്റെ ഏറ്റവും വലിയ നേട്ടം 2016ലെ യൂറോ കപ്പാണ്. സത്യസന്ധമായി പറഞ്ഞാല്‍, എന്നെ സംബന്ധിച്ചിടത്തോളം ആ യൂറോ കപ്പ് കിരീടത്തിന് ലോകകപ്പിന് തുല്യമായ പ്രാധാന്യമുണ്ട്' -ക്രിസ്റ്റ്യാനോ പറഞ്ഞു.
