പ്രതിഫലത്തിൽ റെക്കോർഡിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും ഒന്നാമത്
2026 ഫുട്‌ബോൾ ലോകകപ്പിന്റെ ആവേശം ആകാശത്തോളമുയരുമ്പോൾ, ലോകത്ത് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന കളിക്കാരുടെ പട്ടികയിൽ പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും ഒന്നാമത്. ടൂർണമെന്റിൽ പങ്കെടുക്കുന്ന താരങ്ങളുടെ പ്രതിഫലക്കണക്കുകൾ പുറത്തുവന്നപ്പോൾ സൗദി റോഷൻ ലീഗിന്റെ സാമ്പത്തിക കരുത്താണ് വിപണിയിൽ ദൃശ്യമാകുന്നത്.
'ദി വേൾഡ് ഇൻ നമ്പേഴ്സ്' പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, അൽ നസർ ക്ലബ്ബിന്റെ നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോ 21.6 കോടി ഡോളറിന്റെ (ഏകദേശം 1,800 കോടിയിലധികം ഇന്ത്യൻ രൂപ) വാർഷിക വരുമാനവുമായി പട്ടികയിൽ ബഹുദൂരം മുന്നിലാണ്. റൊണാൾഡോയുടെ ഈ വാർഷിക വരുമാനം മാത്രം, പട്ടികയിൽ തൊട്ടുപിന്നിലുള്ള മൂന്ന് സൂപ്പർ താരങ്ങളുടെ ആകെ വരുമാനത്തിന് തുല്യമാണ് എന്നത് അദ്ദേഹത്തിന്റെ വിപണി മൂല്യം വ്യക്തമാക്കുന്നു.
അമേരിക്കൻ ക്ലബായ ഇന്റർ മയാമിയുടെ അർജന്റീനൻ സൂപ്പർ താരം ലയണൽ മെസ്സി എട്ട് കോടി ഡോളർ വാർഷിക വരുമാനവുമായി പട്ടികയിൽ രണ്ടാമതുണ്ട്. ആദ്യ നാല് സ്ഥാനങ്ങളിൽ സൗദി ലീഗിലെ മറ്റ് രണ്ട് പ്രമുഖ താരങ്ങൾ കൂടിയുണ്ട്. അൽ അഹ്‌ലിയുടെ അൾജീരിയൻ താരം റിയാദ് മഹ്‌റെസ് ആറ് കോടി ഡോളറുമായി മൂന്നാം സ്ഥാനത്തും, അൽ നസറിന്റെ സെനഗൽ താരം സാദിയോ മാനെ 4.6 കോടി ഡോളറുമായി നാലാം സ്ഥാനത്തുമാണ്. കളി മികവിൽ മാത്രമല്ല, സാമ്പത്തിക ശേഷിയിലും യൂറോപ്യൻ ക്ലബുകളെ പിന്നിലാക്കി ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോൾ താരങ്ങളുടെ പ്രധാന കേന്ദ്രമായി സൗദി പ്രൊഫഷണൽ ലീഗ് മാറിയെന്നാണ് ഈ കണക്കുകൾ തെളിയിക്കുന്നത്.
