ട്രയൽസിൽ വിനേഷിന്റെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ഡൽഹി ഹൈക്കോടതി

  1. Home
  2. Sports

ട്രയൽസിൽ വിനേഷിന്റെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ഡൽഹി ഹൈക്കോടതി

vinesh


ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ഗുസ്തിയിലേക്കുള്ള വിനേഷ് ഫോഗട്ടിന്റെ തിരിച്ചുവരവ് തടയാൻ ശ്രമിച്ച ഇന്ത്യൻ ഗുസ്തി ഫെഡറേഷന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി. ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കാൻ ഫോഗട്ടിന് അയോഗ്യത കൽപ്പിച്ചുകൊണ്ടുള്ള ഫെഡറേഷന്റെ തീരുമാനത്തിൽ കോടതി ഇടപെടുകയും താരത്തെ വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു.

ഏഷ്യൻ ഗെയിംസ് സെലക്ഷൻ പ്രക്രിയയിൽ താരത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന കർശന നിർദേശം കോടതി നൽകി. മാത്രമല്ല, ഫോഗട്ടുമായി ബന്ധപ്പെട്ട വിഷയം വിലയിരുത്താൻ ഒരു വിദഗ്ധ സമിതി രൂപീകരിക്കാനും കോടതി ആവശ്യപ്പെട്ടു. ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയലിന് പുതിയ യോഗ്യതാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചതാണ് ഫോഗട്ടിന് തിരിച്ചടിയായത്. പുതിയ നിയമങ്ങൾക്ക് കീഴിൽ, 2025 ലും 2026 ലും തിരഞ്ഞെടുക്കപ്പെട്ട ടൂർണമെന്റുകളിൽ നിന്ന് മെഡൽ നേടിയവർക്ക് മാത്രമേ ട്രയലുകളിൽ മത്സരിക്കാൻ യോഗ്യതയുണ്ടാവുകയുള്ളൂ. 2024 ലെ പാരീസ് ഒളിമ്പിക്സിന് ശേഷം ഒരു പ്രൊഫഷണൽ ടൂർണമെന്റിലും വിനേഷ് ഫോഗട്ട് പങ്കെടുത്തിരുന്നില്ല. അതിനാൽ തന്നെ പുതിയ യോഗ്യതാ മാനദണ്ഡങ്ങൾ വരുന്നതോടുകൂടി താരം പുറത്തായി. ഇതിനെ ഫോഗട്ട് ചോദ്യംചെയ്തു.

ഫെഡറേഷൻ പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയതും കോടതി വിമർശിച്ചു. മാത്രമല്ല, ഗർഭകാലത്തും വിശ്രമകാലത്തും താരത്തിന് ടൂർണമെന്റുകളിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഇക്കാര്യവും കോടതി ചൂണ്ടിക്കാട്ടി. രാജ്യത്ത് മാതൃത്വം ആഘോഷിക്കപ്പെടുന്നുണ്ടെന്നും ഫെഡറേഷൻ പ്രതികാരബുദ്ധിയോടെ പ്രവർത്തിക്കരുതെന്നും ബെഞ്ച് ഊന്നിപ്പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡികെ ഉപാധ്യായ, ജസ്റ്റിസ് തേജസ് കാരിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.