ഐപിഎല്ലിൽ തഴഞ്ഞു, വിൻഡീസിനെതിരെ തകർപ്പൻ സെഞ്ചുറിയുമായി ഡെവോൺ കോൺവേ

  1. Home
  2. Sports

ഐപിഎല്ലിൽ തഴഞ്ഞു, വിൻഡീസിനെതിരെ തകർപ്പൻ സെഞ്ചുറിയുമായി ഡെവോൺ കോൺവേ


ഐപിഎൽ ലേലത്തിൽ ആരും വാങ്ങാതിരുന്നതിന്റെ നിരാശ ബാറ്റിംഗിലൂടെ തീർത്ത് ന്യൂസിലൻഡ് താരം ഡെവോൺ കോൺവേ. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം തന്നെ തകർപ്പൻ സെഞ്ചുറി നേടി കോൺവേ കിവീസിനെ കൂറ്റൻ സ്കോറിലേക്ക് നയിച്ചു. ആദ്യ ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 334 റൺസ് എന്ന ശക്തമായ നിലയിലാണ് ന്യൂസിലൻഡ്. 178 റൺസെടുത്ത കോൺവേയും 9 റൺസുമായി ജേക്കബ് ഡഫിയുമാണ് ക്രീസിലുള്ളത്.

കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ ലേലത്തിൽ രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന കോൺവേയെ സ്വന്തമാക്കാൻ ഒരു ടീമും തയ്യാറായിരുന്നില്ല. കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായി മോശം പ്രകടനം നടത്തിയതാണ് താരത്തിന് തിരിച്ചടിയായത്. എന്നാൽ ടെസ്റ്റിൽ ക്യാപ്റ്റൻ ടോം ലാഥത്തിനൊപ്പം (137) ചേർന്ന് 323 റൺസിന്റെ കൂറ്റൻ ഓപ്പണിംഗ് കൂട്ടുകെട്ടാണ് കോൺവേ പടുത്തുയർത്തിയത്.

വെസ്റ്റ് ഇൻഡീസ് ബൗളർമാരെ നിഷ്പ്രഭമാക്കിയ പ്രകടനത്തിൽ കെമാർ റോച്ചിന് മാത്രമാണ് ഒരു വിക്കറ്റ് വീഴ്ത്താനായത്. ജെയ്ഡൻ സീൽസ്, റോസ്റ്റൺ ചേസ് തുടങ്ങിയ പ്രമുഖ ബൗളർമാർക്കെല്ലാം വിക്കറ്റൊന്നും ലഭിച്ചില്ല. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ നിലവിൽ 1-0 ന് ന്യൂസിലൻഡ് മുന്നിലാണ്.