ധോനിക്ക് പരിക്ക്; ആദ്യ രണ്ടാഴ്ച പുറത്ത്, സിഎസ്‌കെയിൽ വിക്കറ്റ് കാക്കാൻ സഞ്ജു സാംസൺ
ഐപിഎൽ 2026 സീസൺ ആരംഭിക്കാനിരിക്കെ ചെന്നൈ സൂപ്പർ കിങ്‌സിന് കനത്ത തിരിച്ചടി. കാൽവണ്ണയ്ക്കേറ്റ പരിക്കിനെത്തുടർന്ന് മുൻ നായകൻ എം.എസ്. ധോനിക്ക് സീസണിലെ ആദ്യ രണ്ടാഴ്ചത്തെ മത്സരങ്ങൾ നഷ്ടമാകും. മാർച്ച് 30-ന് ഗുവാഹട്ടിയിൽ രാജസ്ഥാൻ റോയൽസിനെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം. ധോനിയുടെ അഭാവത്തിൽ ടീമിലെ പുതിയ അംഗമായ സഞ്ജു സാംസൺ വിക്കറ്റ് കീപ്പിങ് ചുമതല വഹിക്കും.
കഴിഞ്ഞ ഡിസംബറിൽ നടന്ന വമ്പൻ ട്രേഡിലൂടെയാണ് സഞ്ജു സാംസൺ ചെന്നൈ ടീമിലെത്തിയത്. രവീന്ദ്ര ജഡേജയെയും സാം കറനെയും രാജസ്ഥാൻ റോയൽസിന് നൽകിയാണ് സിഎസ്‌കെ സഞ്ജുവിനെ സ്വന്തമാക്കിയത്. ധോനിയുടെ പിൻഗാമിയായി മാനേജ്‌മെന്റ് കാണുന്ന സഞ്ജുവിന് ഈ സീസൺ നിർണ്ണായകമാണ്. ഏപ്രിൽ 11-ന് ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിലൂടെയോ ഏപ്രിൽ 14-ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള പോരാട്ടത്തിലൂടെയോ ധോനി കളിക്കളത്തിലേക്ക് തിരിച്ചെത്തിയേക്കും.
44-ാം വയസ്സിലും ഐപിഎല്ലിൽ സജീവമായ ധോനി, ഈ സീസണിൽ മൈതാനത്തിറങ്ങിയാൽ പുതിയൊരു റെക്കോർഡ് കൂടി സ്വന്തമാക്കും. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായംകൂടിയ ഇന്ത്യൻ താരമെന്ന പ്രവീൺ താംബെയുടെ റെക്കോർഡാണ് ധോനി മറികടക്കുക. കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 135.17 സ്‌ട്രൈക്ക് റേറ്റിൽ 196 റൺസ് ധോനി നേടിയിരുന്നു. ഋതുരാജ് ഗെയിക്വാദിന് പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ തവണ ടീമിനെ നയിച്ചതും ധോനിയായിരുന്നു. എന്നാൽ പോയിന്റ് പട്ടികയിൽ അവസാനക്കാരായാണ് ചെന്നൈ കഴിഞ്ഞ സീസൺ അവസാനിപ്പിച്ചത്.
