‘ഉത്തരവാദിത്വമുള്ള കാമുകനായിപ്പോയില്ലേ...’;കാറ്റി പെറിക്കൊപ്പം ലോകകപ്പ് കണ്ട് ട്രൂഡോ; വിമർശനങ്ങൾക്ക് കിടിലൻ മറുപടി
സ്വന്തം രാജ്യത്തിന്റെ ലോകകപ്പ് മത്സരം കാണാൻ പോകാതെ, അമേരിക്കൻ പോപ് ഗായികയായ കാമുകി കാറ്റി പെറിക്കൊപ്പം യു.എസ്.എയുടെ കളി കാണാനെത്തിയ കാനഡ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം. ടൊറന്റോയിൽ നടന്ന കാനഡ - ബോസ്നിയ മത്സരം ഒഴിവാക്കിയാണ് ട്രൂഡോ ലൊസാഞ്ചലസിലെ സോഫി സ്റ്റേഡിയത്തിൽ കാറ്റിക്കൊപ്പം ഗാലറിയിലെത്തിയത്. സ്റ്റേഡിയത്തിലെ ഉദ്ഘാടന ചടങ്ങിൽ കാറ്റി പെറിയുടെ സംഗീത പരിപാടിയുണ്ടായിരുന്നു. ഇതിന് ശേഷമാണ് ഇരുവരും ഒരുമിച്ച് യു.എസ്.എ - പാരാഗ്വായ് മത്സരം കണ്ടത്. കഴിഞ്ഞ വർഷം മുതൽ ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും, ഇതാദ്യമായാണ് ട്രൂഡോ കാറ്റിക്കൊപ്പം പരസ്യമായി വേദി പങ്കിടുന്നത്.
വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ കടുക്കവെ, എക്സിലൂടെ (X) വായടപ്പിക്കുന്ന മറുപടിയുമായി ട്രൂഡോയും രംഗത്തെത്തി. "ചിലപ്പോഴൊക്കെ ഉത്തരവാദിത്വമുള്ള ഒരു കാമുകന്റെ കടമകൾ നിറവേറ്റേണ്ടി വരും. പക്ഷേ കപ്പ് എടുക്കാൻ ഞാൻ ഏത് ടീമിനെയാണ് പിന്തുണയ്ക്കുന്നതെന്ന് നിങ്ങൾക്ക് നന്നായി അറിയാമല്ലോ," എന്നായിരുന്നു ട്രൂഡോയുടെ മാസ് മറുപടി.
ടോം ക്രൂസ്, ഡേവിഡ് ബെക്കാം, ബിൽ ഗേറ്റ്സ് തുടങ്ങിയ വൻ താരനിര സാക്ഷിയായ മത്സരത്തിൽ പാരാഗ്വായ്‍യെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് യു.എസ്.എ ചരിത്ര വിജയം സ്വന്തമാക്കി. അതേസമയം, കാനഡയുടെ ആദ്യ മത്സരം സമനിലയിലാണ് അവസാനിച്ചത്.