കളിക്കാരും സ്റ്റേഡിയം സ്റ്റാഫും തമ്മിൽ തർക്കം; കൗമാര താരത്തിന്റെ മർദ്ദനമേറ്റ് ലങ്കൻ ക്രിക്കറ്റ് കോച്ച് മരിച്ചു

  1. Home
  2. Sports

കളിക്കാരും സ്റ്റേഡിയം സ്റ്റാഫും തമ്മിൽ തർക്കം; കൗമാര താരത്തിന്റെ മർദ്ദനമേറ്റ് ലങ്കൻ ക്രിക്കറ്റ് കോച്ച് മരിച്ചു

sunil fernado


സ്കൂൾ തല ക്രിക്കറ്റ് താരങ്ങളുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച വെറ്ററൻ ശ്രീലങ്കൻ ക്രിക്കറ്റ് കോച്ച് സുമിത് ഫെർണാണ്ടോ മർദ്ദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. നിലവിലെ ശ്രീലങ്കൻ ഏകദിന നായകൻ കുശാൽ മെൻഡിസ് ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളുടെ ആദ്യകാല മെന്റർ കൂടിയായിരുന്നു അദ്ദേഹം.

ഓഗസ്റ്റ് എട്ടിന് കൊളംബോയിലെ ബ്ലൂംഫീൽഡ് ക്രിക്കറ്റ് ആൻഡ് അത്‌ലറ്റിക്സ് ക്ലബ്ബ് സ്റ്റേഡിയത്തിലായിരുന്നു ദാരുണമായ സംഭവം. പരിശീലനത്തിനെത്തിയ കൗമാര താരങ്ങൾ കുടിവെള്ളം ആവശ്യപ്പെട്ടതിനെച്ചൊല്ലി സ്റ്റേഡിയം സ്റ്റാഫുമായി തർക്കമുണ്ടാകുകയും തുടർന്ന് കൈയാങ്കളിയിലെത്തുകയുമായിരുന്നു. ഗ്രൗണ്ട് ക്യൂറേറ്ററായി പ്രവർത്തിച്ചിട്ടുള്ള സുമിത് ഫെർണാണ്ടോ ഇരുവിഭാഗത്തെയും പിന്തിരിപ്പിക്കാൻ ഇടയിൽ കയറുന്നതിനിടെയാണ് കൗമാര താരത്തിന്റെ മർദ്ദനമേൽക്കുന്നത്.

ഗുരുതരമായി പരിക്കേറ്റ് വീണ അദ്ദേഹത്തെ കൊളംബോ നാഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ സുമിതിനെ മർദ്ദിച്ച 17-കാരനായ കളിക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പ്രതിയെ കോടതി ചൈൽഡ് പ്രൊബേഷൻ കസ്റ്റഡിയിൽ വിട്ടു.