'രണ്ട് ഇന്നിംഗ്‌സുകൾ കൊണ്ട് സഞ്ജുവിനെ അളക്കരുത്'; വിമർശകർക്ക് മറുപടിയുമായി സിഎസ്‌കെ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ്

  1. Home
  2. Sports

'രണ്ട് ഇന്നിംഗ്‌സുകൾ കൊണ്ട് സഞ്ജുവിനെ അളക്കരുത്'; വിമർശകർക്ക് മറുപടിയുമായി സിഎസ്‌കെ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ്

SANJU


ഐപിഎൽ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ബാറ്റിംഗിൽ പരാജയപ്പെട്ട മലയാളി താരം സഞ്ജു സാംസണെ പിന്തുണച്ച് ചെന്നൈ സൂപ്പർ കിംഗ്‌സ് മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ്. വലിയ പ്രതീക്ഷകളോടെ ചെന്നൈയിലെത്തിയ സഞ്ജുവിന്റെ ഫോമിനെക്കുറിച്ച് ഉയർന്ന ചോദ്യങ്ങൾക്ക് കടുത്ത ഭാഷയിലാണ് ഫ്ലെമിംഗ് മറുപടി നൽകിയത്. ടി20 ലോകകപ്പിലെ 'പ്ലെയർ ഓഫ് ദി ടൂർണമെന്റ്' എന്ന ഖ്യാതിയുമായെത്തിയ സഞ്ജുവിന് ആദ്യ രണ്ട് മത്സരങ്ങളിൽ യഥാക്രമം 6, 7 റൺസ് മാത്രമേ നേടാനായുള്ളൂ.

പഞ്ചാബ് കിംഗ്‌സിനെതിരായ തോൽവിക്ക് പിന്നാലെ നടന്ന വാർത്താസമ്മേളനത്തിലാണ് ഫ്ലെമിംഗ് സഞ്ജുവിനെ ന്യായീകരിച്ചത്. "എല്ലാ കളികളിലും ഒരാൾക്ക് സ്കോർ ചെയ്യാൻ കഴിയില്ല, ഇത് ടി20 ക്രിക്കറ്റാണ്. സഞ്ജു മികച്ച ഫോമിലാണ്, നന്നായി പരിശീലനവും നടത്തുന്നുണ്ട്. അദ്ദേഹം ഫോമിലായാൽ ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാൻ ശേഷിയുള്ള താരമാണ്. വെറും രണ്ട് ഇന്നിംഗ്‌സുകൾ കൊണ്ട് സഞ്ജുവിന്റെ ഫോമിനെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ല," ഫ്ലെമിംഗ് വ്യക്തമാക്കി.

പുതിയ സീസണിൽ ചെന്നൈയ്ക്കായി ഓപ്പണറായി ഇറങ്ങിയ സഞ്ജുവിന് തന്റെ മുൻ ടീമായ രാജസ്ഥാൻ റോയൽസിനെതിരെയും പഞ്ചാബിനെതിരെയും തിളങ്ങാനായില്ല. കണക്കുകൾ പരിശോധിച്ചാൽ ചെന്നൈയിലെ ചേപ്പോക്ക് സ്റ്റേഡിയം സഞ്ജുവിന് അത്ര ഭാഗ്യമുള്ള ഗ്രൗണ്ടല്ല. ഇവിടെ കളിച്ച 6 ഇന്നിംഗ്‌സുകളിൽ നിന്ന് വെറും 11 ശരാശരിയിൽ 66 റൺസ് മാത്രമാണ് സഞ്ജുവിന്റെ സമ്പാദ്യം. കഴിഞ്ഞ സീസണിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തായിരുന്ന ചെന്നൈയ്ക്ക് ഈ സീസണിലും മികച്ച തുടക്കം ലഭിച്ചിട്ടില്ല. ഞായറാഴ്ച നടക്കുന്ന അടുത്ത മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവാണ് ചെന്നൈയുടെ എതിരാളികൾ.