മത്സരത്തിനിടെ ബെയ്ലുകൾ തട്ടിത്തെറിപ്പിച്ചു; ഹാർദിക് പാണ്ഡ്യക്ക് പിഴ

  1. Home
  2. Sports

മത്സരത്തിനിടെ ബെയ്ലുകൾ തട്ടിത്തെറിപ്പിച്ചു; ഹാർദിക് പാണ്ഡ്യക്ക് പിഴ

hardik pandya


ഐപിഎല്ലിൽ പെരുമാറ്റച്ചട്ടം ലംഘിച്ച മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് പിഴ. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ നിർണായക മത്സരത്തിനിടെ വിക്കറ്റിലെ ബെയ്ലുകൾ തട്ടിത്തെറിപ്പിച്ചതിനാണ് താരത്തിന് മാച്ച് ഫീയുടെ പത്ത് ശതമാനം പിഴയും ഒരു ഡിമെറിറ്റ് പോയിന്റും ശിക്ഷയായി വിധിച്ചത്. ഈ മത്സരത്തിൽ മുംബൈയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി കൊൽക്കത്ത തങ്ങളുടെ പ്ലേഓഫ് സാധ്യതകൾ സജീവമാക്കിയിരുന്നു.

കൊൽക്കത്ത ഇന്നിങ്‌സിന്റെ പത്താം ഓവറിലായിരുന്നു നടപടിക്കിടനൽകിയ സംഭവം നടന്നത്. ബൗൾ ചെയ്ത ശേഷം റണ്ണപ്പിലേക്ക് മടങ്ങുന്നതിനിടെ ഹാർദിക് രോഷാകുലനായി വിക്കറ്റിലെ ബെയ്ലുകൾ ബലം പ്രയോഗിച്ച് തട്ടിയിടുകയായിരുന്നു. കായിക ഉപകരണങ്ങളെയോ ഗ്രൗണ്ടിലെ മറ്റ് സംവിധാനങ്ങളെയോ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരമാണ് താരത്തിനെതിരെ നടപടിയെടുത്തത്.

ബാറ്റിങ്ങിൽ വരുത്തിയ പിഴവുകളാണ് മുംബൈയുടെ തോൽവിക്ക് പ്രധാന കാരണമെന്ന് മത്സരശേഷം ഹാർദിക് പ്രതികരിച്ചു. ബാറ്റിങ് ഗ്രൂപ്പ് എന്ന നിലയിൽ ടീം ഇരുപത് റൺസോളം കുറവാണ് നേടിയതെന്നും, പവർപ്ലേയിൽ കൂടുതൽ വിക്കറ്റുകൾ നഷ്ടമായത് വലിയ തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു. താനും തിലക് വർമയും കുറച്ചുകൂടി നേരം ക്രീസിൽ തുടരുകയും മികച്ചൊരു കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തിരുന്നെങ്കിൽ വിജയസാധ്യത ഉണ്ടായിരുന്നുവെന്നും ഹാർദിക് കൂട്ടിച്ചേർത്തു. സീസണിലുടനീളം ഫീൽഡിങ്ങിൽ ടീം വരുത്തിയ പോരായ്മകളിലും അദ്ദേഹം കടുത്ത അതൃപ്തി രേഖപ്പെടുത്തി.