യു.എസ് ഓപ്പൺ കിരീടം എലേന റൈബക്കിനയ്ക്ക്; സബലേങ്കയുടെ ഹാട്രിക് സ്വപ്നം പൊലിഞ്ഞു

  1. Home
  2. Sports

യു.എസ് ഓപ്പൺ കിരീടം എലേന റൈബക്കിനയ്ക്ക്; സബലേങ്കയുടെ ഹാട്രിക് സ്വപ്നം പൊലിഞ്ഞു

us open


ഫ്ലഷിങ് മെഡോസിൽ തുടർച്ചയായ മൂന്നാം കിരീടമെന്ന ബെലാറസ് താരം ആര്യാന സബലേങ്കയുടെ സ്വപ്നം തകർത്ത് കസാഖിസ്താന്റെ എലേന റൈബക്കിനയ്ക്ക് യു.എസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം. ആർതർ ആഷേ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒന്നാം സീഡായ സബലേങ്കയെ റൈബക്കിന കീഴടക്കിയത്. സ്കോർ: 6-4, 5-7, 6-2.

ആദ്യ സെറ്റ് 6-4ന് സ്വന്തമാക്കി റൈബക്കിന മികച്ച തുടക്കം കുറിച്ചെങ്കിലും, രണ്ടാം സെറ്റ് 7-5ന് നേടി സബലേങ്ക ശക്തമായി തിരിച്ചുവന്നു. എന്നാൽ നിർണായകമായ മൂന്നാം സെറ്റിൽ പൂർണ ആധിപത്യം പുലർത്തിയ കസാഖ് താരം 6-2ന് സെറ്റും കരിയറിലെ കന്നി യു.എസ് ഓപ്പൺ കിരീടവും സ്വന്തമാക്കുകയായിരുന്നു. വിജയിച്ചതോടെ ഡബ്ല്യു.ടി.എ വനിതാ സിംഗിൾസ് റാങ്കിങ്ങിൽ സബലേങ്കയെ മറികടന്ന് റൈബക്കിന ഒന്നാം സ്ഥാനത്തുമെത്തി.

ഈ വർഷത്തെ ഓസ്‌ട്രേലിയൻ ഓപ്പണിലും സബലേങ്കയെ തോൽപ്പിച്ചാണ് റൈബക്കിന കിരീടം ചൂടിയത്. 2022-ലെ വിംബിൾഡൺ ഉൾപ്പെടെ റൈബക്കിനയുടെ കരിയറിലെ മൂന്നാമത്തെ ഗ്രാന്റ്സ്ലാം കിരീടമാണിത്. ഇനി ഫ്രഞ്ച് ഓപ്പൺ കിരീടം കൂടി നേടിയാൽ താരത്തിന് കരിയർ ഗ്രാന്റ്സ്ലാം തികയ്ക്കാനാകും.