ഇംഗ്ലണ്ടിനെ സമനിലയിൽ തളച്ചു; ഇന്ത്യൻ വനിതകൾ ഹോക്കി ലോകകപ്പ് രണ്ടാം റൗണ്ടിൽ
ഇംഗ്ലണ്ടിനെ സമനിലയിൽ തളച്ച് ഇന്ത്യൻ വനിതാ ടീം ഹോക്കി ലോകകപ്പിന്റെ രണ്ടാം റൗണ്ടിൽ കടന്നു. 60 മിനിറ്റ് നീണ്ട പോരാട്ടത്തിൽ ഇരുടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല. മത്സരത്തിലുടനീളം മികച്ച അവസരങ്ങളും പെനാൽറ്റി കോർണറുകളും ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ ഇന്ത്യക്കായില്ല. മൂന്നാം ക്വാർട്ടറിൽ ഇംഗ്ലണ്ട് തിരിച്ചടിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധ നിര അതിനെ വിജയകരമായി ചെറുത്തു.
പൂൾ ഡിയിൽ നിന്ന് അഞ്ച് പോയിന്റോടെ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ മുന്നേറ്റം. ഏഴ് പോയിന്റുള്ള ചൈന ഒന്നാമതായി യോഗ്യത നേടി. കരുത്തരായ ചൈനയെ ആദ്യ മത്സരത്തിൽ സമനിലയിൽ തളച്ചതും ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചതുമാണ് ഇന്ത്യക്ക് തുണയായത്. പൂളിൽ നിന്ന് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും പുറത്തായി. വെള്ളിയാഴ്ച നടക്കുന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ ആതിഥേയരായ നെതർലൻഡ്‌സാണ് ഇന്ത്യയുടെ എതിരാളികൾ.
