'ഫൈവ് സ്റ്റാർ അല്ലെങ്കിലും സംഘാടകർ ഒരുക്കുന്ന താമസം മതി'; നിലപാടറിയിച്ച് ബി.സി.സി.ഐ

  1. Home
  2. Sports

'ഫൈവ് സ്റ്റാർ അല്ലെങ്കിലും സംഘാടകർ ഒരുക്കുന്ന താമസം മതി'; നിലപാടറിയിച്ച് ബി.സി.സി.ഐ


ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് ഫൈവ് സ്റ്റാർ സൗകര്യങ്ങളല്ലെങ്കിലും സംഘാടകർ ഒരുക്കുന്ന താമസസൗകര്യം മതിയെന്ന് ബി.സി.സി.ഐ (BCCI). സംഘാടകർ ഒരുക്കിയ സൗകര്യങ്ങൾ തൃപ്തികരമാണെന്ന് ബി.സി.സി.ഐ സെക്രട്ടറി രാജീവ് ശുക്ല അറിയിച്ചു. നേരത്തെ താരങ്ങളുടെ താമസസൗകര്യത്തിൽ ബി.സി.സി.ഐ അതൃപ്തി പ്രകടിപ്പിക്കുകയും പ്രത്യേക സൗകര്യം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (IOA) ഈ ആവശ്യം തള്ളുകയായിരുന്നു.

നഗോയയിൽ ആവശ്യത്തിന് ഹോട്ടലുകൾ ലഭ്യമല്ലാത്തതും ടോക്കിയോ, ഒസാക്ക എന്നിവിടങ്ങളിലേക്ക് ദൂരക്കൂടുതൽ ഉള്ളതുമാണ് താരങ്ങളെ സംഘാടകരുടെ താമസസ്ഥലത്ത് തന്നെ താമസിപ്പിക്കാൻ കാരണമെന്ന് ബി.സി.സി.ഐ വ്യക്തമാക്കി. താമസസൗകര്യവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിച്ചതായി ഐ.ഒ.എ പ്രസിഡന്റ് പി.ടി. ഉഷയും അറിയിച്ചു. താരങ്ങൾക്കായി ഹോട്ടലുകൾ, താത്കാലിക വില്ലകൾ, 'കോസ്റ്റ സെറീന' ക്രൂയിസ് കപ്പൽ എന്നിവയിലാണ് സംഘാടകർ താമസസൗകര്യമൊരുക്കിയിരിക്കുന്നത്.

പരമ്പരാഗത രീതിയിലുള്ള ഗെയിംസ് വില്ലേജ് ഇല്ലാത്തതാണ് താമസത്തെച്ചൊല്ലി നേരത്തെ ആശങ്കകൾക്ക് കാരണമായത്. അതേസമയം, സ്റ്റേഡിയം, പിച്ചുകൾ, ഡ്രെസ്സിങ് റൂം എന്നിവ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ സന്ദർശിച്ച് തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയതായും രാജീവ് ശുക്ല വ്യക്തമാക്കി. സെപ്റ്റംബർ 19 മുതൽ ഒക്ടോബർ നാല് വരെ ജപ്പാനിലെ നഗോയയിലും ഐച്ചിയിലുമായാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്.