അവസാന പന്തുവരെ ആവേശം; കൊച്ചി ബ്ലൂ ടൈഗേഴ്സിനെ വീഴ്ത്തി കൊല്ലം സെയിലേഴ്സ്

  1. Home
  2. Sports

അവസാന പന്തുവരെ ആവേശം; കൊച്ചി ബ്ലൂ ടൈഗേഴ്സിനെ വീഴ്ത്തി കൊല്ലം സെയിലേഴ്സ്

kollam sailors


കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരായ ത്രില്ലർ പോരാട്ടത്തിൽ മൂന്ന് റൺസിന്റെ ആവേശകരമായ വിജയം സ്വന്തമാക്കി ഏരീസ് കൊല്ലം സെയിലേഴ്സ്. ഇതോടെ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ലീഗിൽ തുടർച്ചയായ അഞ്ചാം തോൽവി ഏറ്റുവാങ്ങി. ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്സ് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ കൊച്ചിക്ക് ഏഴ് വിക്കറ്റിന് 155 റൺസ് മാത്രമാണ് നേടാനായത്. മത്സരത്തിൽ മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ച കൊല്ലത്തിന്റെ പവൻ രാജാണ് മാൻ ഓഫ് ദി മാച്ച്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കൊല്ലത്തിന് ക്യാപ്റ്റൻ വത്സൽ ഗോവിന്ദും (77) അഭിഷേക് ജെ. നായരും (46) ചേർന്ന് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. എന്നാൽ ഒന്നാം വിക്കറ്റിൽ 99 റൺസ് കൂട്ടിച്ചേർത്ത ശേഷം അഭിഷേക് പുറത്തായതോടെ കൊല്ലം നിര തകരുകയായിരുന്നു. വത്സൽ ഒഴികെയുള്ള മറ്റു ബാറ്റർമാർക്കൊന്നും രണ്ടക്കം തികയ്ക്കാനായില്ല. കൊച്ചിക്കായി ബേസിൽ തമ്പി, പി.എസ് ജെറി, കാർത്തിക് ബി നായർ, മുഹമ്മദ് ആഷിക് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ ഒരുഘട്ടത്തിൽ 48 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിൽ പതറിയ കൊച്ചിയെ സാലി സാംസണും (44) മനുകൃഷ്ണനും (37) ചേർന്നാണ് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. 77 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇരുവരും അപകടകാരികളായ നിമിഷത്തിലാണ് പവൻ രാജ് കൊല്ലത്തിന്റെ രക്ഷകനായെത്തിയത്. പ്രധാന വിക്കറ്റുകൾ എറിഞ്ഞുവീഴ്ത്തിയ പവൻ രാജും എ.ജി അമലും ചേർന്ന് കൊച്ചിയെ സമ്മർദ്ദത്തിലാക്കി. അവസാന ഓവറിൽ ആൽഫി ഫ്രാൻസിസ് രണ്ട് സിക്സറുകൾ നേടി ജയപ്രതീക്ഷ ഉയർത്തിയെങ്കിലും മൂന്ന് റൺസ് അകലെ കൊച്ചിയുടെ പോരാട്ടം അവസാനിക്കുകയായിരുന്നു.