ഫിഫ അറബ് കപ്പ് ഫൈനൽ ഇന്ന്

  1. Home
  2. Sports

ഫിഫ അറബ് കപ്പ് ഫൈനൽ ഇന്ന്

fifa


ഖത്തർ ആവേശത്തോടെ കാത്തിരുന്ന ഫിഫ അറബ് കപ്പിന് ഇന്ന് ലുസൈൽ സ്റ്റേഡിയത്തിൽ കലാശക്കൊട്ട്. രാജ്യത്തിന്റെ ദേശീയ ദിനാഘോഷങ്ങൾക്കൊപ്പം അറേബ്യൻ ഫുട്ബാളിന്റെ കരുത്തന്മാർ മാറ്റുരയ്ക്കുന്ന ഫൈനൽ മത്സരം കൂടി എത്തുന്നതോടെ ഖത്തർ ഇന്ന് ഇരട്ടി ആവേശത്തിലാണ്. രാത്രി ഏഴ് മണിക്ക് നടക്കുന്ന ആവേശകരമായ ഫൈനലിൽ കരുത്തരായ മൊറോക്കോയും ജോർദാനും തമ്മിലാണ് ഏറ്റുമുട്ടുന്നത്. മേഖലയിലെ 16 മികച്ച ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് അറബ് ഐക്യത്തിന്റെയും സംസ്കാരത്തിന്റെയും പ്രതീകമായാണ് കൊടിയിറങ്ങുന്നത്. ലൂസേഴ്‌സ് ഫൈനലിൽ സൗദി അറേബ്യയും യുഎഇയും തമ്മിൽ മൂന്നാം സ്ഥാനത്തിനായി പോരാടും.

ഗ്രൂപ്പ് ഘട്ടം മുതൽ അത്യുജ്ജലമായ പ്രകടനമാണ് മൊറോക്കോ കാഴ്ചവെച്ചത്. സൗദി അറേബ്യയെയും കോമറോസിനെയും തകർത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാർട്ടറിലെത്തിയ അവർ സിറിയയുടെ പ്രതിരോധത്തെയും തകർത്തെറിഞ്ഞാണ് മുന്നേറിയത്. സെമി ഫൈനലിൽ യുഎഇയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് നിഷ്പ്രഭമാക്കിയാണ് മൊറോക്കോ ഫൈനലിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. മികച്ച പ്രതിരോധ നിരയും ലഭിക്കുന്ന അവസരങ്ങൾ ഗോളാക്കി മാറ്റാനുള്ള മികവുമാണ് ഫൈനലിൽ മൊറോക്കോയുടെ പ്രധാന കരുത്ത്.

മറുവശത്ത് ഒരൊറ്റ കളി പോലും തോൽക്കാതെയാണ് ജോർദാൻ ഫൈനലിൽ എത്തിനിൽക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ യുഎഇ, കുവൈത്ത്, ഈജിപ്ത് എന്നീ ടീമുകളെ അനായാസം മറികടന്ന ജോർദാൻ, ക്വാർട്ടറിൽ മുൻ ചാമ്പ്യന്മാരായ ഇറാഖിനെയാണ് വീഴ്ത്തിയത്. സെമി ഫൈനലിൽ കരുത്തരായ സൗദി അറേബ്യയെ എതിരില്ലാത്ത ഒരു ഗോളിന് കീഴ്പ്പെടുത്തിയാണ് അവർ കലാശപ്പോരാട്ടത്തിന് അർഹത നേടിയത്. മൊറോക്കോയെപ്പോലൊരു ശക്തരായ ടീമിനെ നേരിടുമ്പോൾ ജോർദാന് ഈ ഫൈനൽ കടുത്ത പരീക്ഷണമായിരിക്കും.

അറബ് രാജ്യങ്ങളെ ഫുട്ബാളിലൂടെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഖത്തർ രണ്ടാം തവണയാണ് ഈ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. 1963-ൽ ആരംഭിച്ച അറബ് കപ്പ് പലതവണ മുടങ്ങിയെങ്കിലും 2021-ൽ ഫിഫയുടെ സഹകരണത്തോടെ ഖത്തർ അത് വീണ്ടും സജീവമാക്കുകയായിരുന്നു. ലോകകപ്പ് വേദികളിൽ നടക്കുന്ന ഈ മത്സരങ്ങൾ അറബ് മേഖലയുടെ കായിക മാമാങ്കമായി ഇതിനോടകം മാറിക്കഴിഞ്ഞു.