വേദിയിൽനിന്ന് ഇറങ്ങാതെ ട്രംപ്, ഒടുവിൽ ഇടപെട്ട് ഫിഫ പ്രസിഡന്റ്
ഫിഫ ലോകകപ്പ് കിരീടം സമ്മാനിച്ചിട്ടും വേദി വിടാൻ തയാറാകാത്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സ്പെയിൻ വിജയം ആഘോഷിക്കുന്നതിനിടയിലും ട്രംപ് വേദി വിടാതെ ഫ്രെയിമിൽ തന്നെ നിൽക്കാൻ ശ്രമിക്കുകയായിരുന്നു. ഒടുവിൽ ഫിഫ പ്രസിഡന്റ് എത്തിയാണ് ട്രംപിനെ വേദിയിൽനിന്നു മാറ്റിയത്.ലോകകപ്പ് കിരീടം സ്പെയിൻ ടീമിന് സമ്മാനിച്ച ശേഷം അവിടെത്തന്നെ തുടരുകയായിരുന്നു ട്രംപ്. സ്പെയിൻ താരങ്ങൾക്ക് ആഘോഷം തുടങ്ങുന്നതിനായി ക്യാപ്റ്റൻ റോഡ്രി ട്രംപിന് പുറത്തേയ്ക്കുള്ള വഴി കാണിച്ചെങ്കിലും പുറത്തേക്ക് പോകാൻ പ്രസിഡന്റ് കൂട്ടാക്കിയില്ല. ട്രംപ് വേദിയിൽ നിൽക്കുന്നതിന്റെ അസ്വസ്ഥത റോഡ്രിയുടെ ശരീരഭാഷയിൽ പ്രകടമായിരുന്നു. സ്പെയിൻ താരങ്ങൾ ലോകകപ്പുമായി ആഘോഷം തുടങ്ങിയപ്പോഴും ട്രംപ് കളിക്കാരുടെ തോളിൽ തട്ടിയും അഭിനന്ദിച്ചും അവർക്ക് സമീപം തന്നെ തുടർന്നു.ഒടുവിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ ഓടിയെത്തി ട്രംപിന്റെ കയ്യിൽ പിടിച്ച് പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ട്രംപ് കയ്യടിച്ചുകൊണ്ട് അവിടെത്തന്നെ തുടർന്നു. ഇൻഫന്റിനോ ട്രംപിനോട് എന്തോ പറയാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. ഇതിന് ശേഷമാണ് ഇൻഫന്റിനോയ്ക്കൊപ്പം ട്രംപ് വേദിയിൽനിന്ന് ഇറങ്ങിയത്.
